KSDLIVENEWS

Real news for everyone

ഇതരമതസ്ഥനുമായി പ്രണയം; കൊച്ചിയിൽ ഒൻപതാം ക്ലാസുകാരിയെ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

SHARE THIS ON

ആലങ്ങാട് (കൊച്ചി)∙ ഇതരമതസ്ഥനായ ആൺകുട്ടിയെ പ്രണയിച്ചെന്നാരോപിച്ചു പിതാവ് പ്രായപൂർത്തിയാകാത്ത മകളെ ക്രൂരമായി മർദിച്ച് കളനാശിനി നൽകി കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഒൻപതാം ക്ലാസുകാരി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തെത്തുടർന്നു കരുമാലൂർ സ്വദേശിയായ കുട്ടിയുടെ പിതാവിനെ ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. 29നു രാവിലെയാണു കേസിനാസ്പദമായ സംഭവം. കമ്പിവടി കൊണ്ടു മകളുടെ കയ്യിലും കാലിലും അടിച്ചു പരുക്കേൽപിച്ച ശേഷം ബലമായി കളനാശിനി വായിലേക്ക് ഒഴിച്ചു കൊടുത്താണു കൊല്ലാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. പെൺകുട്ടി പ്രണയത്തിൽ നിന്നു പിന്മാറാതെ വന്നതോടെയായിരുന്നു ക്രൂരപീഡനം.
കളനാശിനി ഉള്ളിൽച്ചെന്ന കുട്ടി ഛർദിച്ച് അവശ നിലയിലായപ്പോഴാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. മജിസ്ട്രേട്ട് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ ആന്തരികാവയവങ്ങൾക്കു ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. വധശ്രമത്തിനാണു പൊലീസ് കേസെടുത്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!