KSDLIVENEWS

Real news for everyone

റീകൗണ്ടിങ് തുടര്‍ന്നത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞതിനാല്‍- കോളേജ് പ്രിന്‍സിപ്പല്‍

SHARE THIS ON


തൃശ്ശൂര്‍: തൃശ്ശൂര്‍ കേരളവര്‍മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് റീകൗണ്ടിങ് വിവാദത്തില്‍ വെളിപ്പെടുത്തലുമായി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി.ഡി. ശോഭ. റീകൗണ്ടിങ് നടത്തണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദേശിച്ചിരുന്നെന്നും റീകൗണ്ടിങ് നിര്‍ത്തിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിന്റെ വ്യത്യാസം വന്നപ്പോള്‍ എസ്.എഫ്.ഐയുടെ കുട്ടികള്‍ റീകൗണ്ടിങ് ആവശ്യപ്പെട്ടു. പിന്നെ റീകൗണ്ടിങ് നടന്നു. ശേഷം റീകൗണ്ടിങ്ങിന്റെ ഫലം പ്രഖ്യാപിക്കുകയാണ് ചെയ്തത്, ശോഭ പറഞ്ഞു. റീകൗണ്ടിങ് നടക്കുമ്പോള്‍ അവിടെ ഒരു പ്രശ്‌നമുണ്ടായി. തര്‍ക്കം ഉണ്ടായപ്പോള്‍ കൗണ്ടിങ് നിര്‍ത്തിവെക്കാന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അതേക്കുറിച്ച് ചര്‍ച്ച നടന്നു. അപ്പോള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു, നിര്‍ത്തിവെക്കേണ്ട ആവശ്യമില്ല തുടര്‍ന്നോട്ടെ എന്ന്. കോളജിന്റെ മാനേജര്‍ കൂടിയായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌ പറഞ്ഞാല്‍പ്പിന്നെ അത് അനുസരിക്കുകയേ നമുക്ക് നിവൃത്തിയുള്ളൂ. പിന്നെ തീരുമാനം എടുക്കേണ്ടത് റിട്ടേണിങ് ഓഫീസറാണ്. അദ്ദേഹത്തോട് കാര്യം പറഞ്ഞു. ശേഷം റീകൗണ്ടിങ് തുടര്‍ന്നു, ടി.ഡി. ശോഭ പറഞ്ഞു. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇതുവരെ വിദ്യാര്‍ഥികളില്‍നിന്ന് ആവശ്യമുയര്‍ന്നിട്ടില്ലെന്നും അങ്ങനെ വരികയാണെങ്കില്‍ കമ്മിറ്റി കൂടി തീരുമാനിക്കുമെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പറഞ്ഞു. റീകൗണ്ടിങ് നടക്കട്ടേ എന്ന് കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ആജ്ഞാരൂപേണയാണോ പറഞ്ഞതെന്ന ചോദ്യത്തിന്, ആജ്ഞ പോലെയല്ല ടീച്ചറേ അത് നടന്നുപൊയ്‌ക്കോട്ടെ എന്നാണ് പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!