ബസ് ചാര്‍ജ് വര്‍ധന : വിദ്യാര്‍ത്ഥി സംഘടനകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുമായി ഇന്ന് മന്ത്രിമാർ ചർച്ച നടത്തും. ഗതാഗത, വിദ്യാഭ്യാസ മന്ത്രിമാരുമായി സെക്രട്ടറിയേറ്റ് അനക്‌സ് ലയം ഹാളിൽ വൈകിട്ട് നാല് മണിക്കാണ് ചർച്ച. ബസ് ചാർജ് കൂട്ടാൻ തീരുമാനമായെങ്കിലും എത്ര രൂപ വർദ്ധിപ്പിക്കണം, കൺസഷൻ നിരക്ക് വർദ്ധിപ്പക്കണമോ, എങ്കിൽ എത്ര രൂപയാക്കണം എന്നീ കാര്യങ്ങളിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുന്നത്.
വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ നിലപാട്. ഒന്നര രൂപയാക്കാമെന്നതിനെ ക്കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. എന്നാൽ ഇക്കാര്യം സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ മിനിമം കൺസഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ശുപാർശ.
അതേസമയം സാധാരണക്കാർക്ക് മിനിമം ബസ് ചാർജ് എട്ട് രൂപയിൽ നിന്ന് 10 രൂപ ആക്കാമെന്നാണ് സർക്കാരിന്റെ നിലപാട്. ബസ് ഉടമകൾ ആവശ്യപ്പെടുന്നത് 12 രൂപയായി വർദ്ധിപ്പിക്കണമെന്നാണ്. കിലോമീറ്റർ നിരക്കിന് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർധിപ്പിക്കുക, കൊറോണ കാലം അവസാനിക്കുന്നത് വരെ ബസുകളുടെ വാഹന നികുതി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസുടമകൾ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ. കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ ബസ് ചാർജ് വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തെങ്കിലും അത് എത്ര രൂപയാക്കണമെന്ന കാര്യം അന്തിമമായിരുന്നില്ല. ഇത് നിശ്ചയിക്കാൻ ഒരു സബ് കമ്മിറ്റിയെയും സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. വീണ്ടും സമരവുമായി ബസുടമകൾ നീങ്ങിയാൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലിലാണ് സർക്കാർ.

