KSDLIVENEWS

Real news for everyone

അറസ്റ്റിൽ തകർന്നത് സുപ്രീം കോടതി വരെ പോയ സർക്കാരിന്റെ ‘പ്രതിരോധ ശ്രമം’; എല്ലാ വാദങ്ങളും പൊളിഞ്ഞു

SHARE THIS ON

കാസർകോട് ∙ പെരിയ കേസിൽ‌ സംസ്ഥാന ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കൂടുതലായി ഒന്നും കണ്ടെത്താനില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങൾക്കുള്ള കനത്ത തിരിച്ചടിയാണ് ഇപ്പോൾ 5 സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തത്. നീതിയുക്തമായ അന്വേഷണത്തിനായി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബാംഗങ്ങൾ നൽകിയ അപേക്ഷ അവഗണിച്ചതിനു പുറമേ, കോടതിയിൽ അവർ നൽകിയ ഹർജിക്കെതിരെ സുപ്രീം കോടതിയിൽ നിന്നുള്ള അഭിഭാഷകരെ എത്തിക്കാൻ ലക്ഷക്കണക്കിനു രൂപ ചെലവാക്കുകയും ചെയ്തു സർക്കാർ.

പ്രതികളെല്ലാം പിടിയിലായെന്നും അന്വേഷണം തൃപ്തികരമാണെന്നും സ്ഥാപിക്കാനാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സർക്കാർ വാദിച്ചത്. കൊലപാതകത്തിൽ പാർട്ടിക്കും സർക്കാരിനും പങ്കുള്ളതിനാലാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്ന് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ, ലോക്കൽ പൊലീസ് അന്വേഷണം കൃത്യമായിട്ടാണ് മുന്നോട്ടു പോകുന്നതെന്ന വാദവുമായിട്ടായിരുന്നു സർക്കാർ ഇതിനെ പ്രതിരോധിച്ചത്. പാർട്ടി പ്രവർത്തകരും ജനപ്രതിനിധികളും പ്രതിസ്ഥാനത്തു നിൽക്കുന്ന കേസ് ആയതിനാലാണ് സിപിഎമ്മും സർക്കാരും സിബിഐ അന്വേഷണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികളും രക്ഷിതാക്കളുമെല്ലാം ആരോപിച്ചിരുന്നു.

ഇതു ശരിയാണെന്നു തെളിഞ്ഞെന്ന് കോൺഗ്രസ് പറഞ്ഞു. കേസിൽ തുടക്കം മുതൽ അറസ്റ്റിലായവരും പ്രതി സ്ഥാനത്ത് സംശയിക്കുന്നവരും സിപിഎം നേതാക്കളോ അനുഭാവികളോ ആയതും പാർട്ടിയെ പ്രതിരോധത്തിലാക്കി. കേസിൽ ഡൽഹിയിൽ നിന്നുള്ള അഭിഭാഷകരെ എത്തിക്കുന്നതിന് ഹൈക്കോടതിയിൽ മാത്രം സംസ്ഥാന സർക്കാർ ചെലവിട്ടത് ഒരു കോടിയോളം രൂപയാണ്. സുപ്രീം കോടതിയിലെ ചെലവു കൂടി കണക്കിലെടുത്താൽ ഒന്നരക്കോടിയിലേറെ വരും.

എന്നാൽ സർക്കാരിന്റെ വാദങ്ങളെ തള്ളിയാണ് കേസന്വേഷണം ഹൈക്കോടതി സിബിഐക്കു വിട്ടത്. കേസ് സിബിഐക്കു വിട്ടശേഷം കേസ് ഡയറിയും മൊഴിപ്പകർപ്പുകളും ആവശ്യപ്പെട്ട് 4 തവണ കത്തു നൽകിയിട്ടും ഫയലുകൾ കൈമാറാൻ സർക്കാർ തയാറായിരുന്നില്ല. ഒടുവിൽ കോടതിയുടെ ശക്തമായ ഇടപെടലിലാണ് കേസ് ഡയറി കൈമാറാൻ സർക്കാർ തയാറായത്. ഇനിയും നേതാക്കളിലേക്ക് അറസ്റ്റ് എത്താനുള്ള സാധ്യത സിബിഐ തള്ളിക്കളയുന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!