കനത്ത മഴ: ഇടുക്കിയിൽ മൂന്ന് വീടുകൾ തകർന്നു; മണികണ്ഠൻ ചാൽ മുങ്ങി, 60-ലേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തം. വിവിധ ജില്ലകളിൽ മഴ കനക്കുകയാണ്. പലയിടങ്ങളിലും മഴക്കെടുതികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുനലൂർ മൂവാറ്റുപുഴ റോഡിൽ സംരക്ഷണ ഭിത്തി തകർന്നു. ഇടുക്കി ചിന്നക്കനാലിൽ രണ്ട് വീടുകൾ തകർന്നു. കോതമംഗലം മണികണ്ഠൻ ചാൽ മുങ്ങി. കുട്ടൻപുഴ മേഖലയിലെ പ്രധാനപാലമാണ് വെള്ളത്തിനടിയിലായത്. അറുപതിലേറെ കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.
ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് മണികണ്ഠൻ ചാൽ പൂർണ്ണമായും വെള്ളത്തിനടിയിലാകുന്നത്. പുഴ കടക്കാൻ ആകെ ഉണ്ടായിരുന്ന കടത്തു തോണി അറ്റകുറ്റ പണിക്ക് മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ അറുപതിലേറെ കുടുംബങ്ങള്‍ പുറത്ത് നിന്നുള്ളവർക്കൊന്നും എത്തിച്ചേരാനാകാത്ത വിധത്തിൽ ഒറ്റപ്പെട്ടു. പ്രദേശത്തും മലയോരത്തും ശക്തമായ മഴയാണ്. മലവെള്ളപ്പാച്ചിലിന്റെ ഒഴുക്കും വർധിച്ച അവസ്ഥയിലാണ്.
ഇടുക്കിയിൽ ശക്തമായ മഴയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ചിന്നക്കലാൽ സുബ്രഹ്മണ്യം കോളനിയിൽ രണ്ട് വീടുകളും മുരിക്കാശ്ശേരിയിൽ ഒരു വീടും തകർന്നു. മുരിക്കാശ്ശേരിയിൽ വീടിന്റെ ഭിത്തി തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ല. നിലവിൽ ഇവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയിൽ മഴ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ അടിയന്തരമായിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ സജ്ജമാണ് എന്നാണ് ജില്ലാ കളക്ടർ വ്യക്തമാക്കിയത്.

