ലോകത്തിലെ പ്രിയപ്പെട്ട ലാന്‍ഡ്മാര്‍ക്ക്; ബുര്‍ജ്ഖലീഫയെയും ഈഫല്‍ ടവറിനെയും പിന്നിലാക്കി താജ്മഹല്‍

എന്തൊക്കെ മാറിയാലും ഒരിക്കലും മാറ്റം വരാത്ത ചിലതുണ്ട്. അവ എന്നും അനശ്വരമായിരിക്കും. അത്തരത്തിലൊന്നാണ് നൂറ്റാണ്ടുകൾക്ക് മുൻപ് ഷാജഹാൻ പ്രിയപത്നിയായ മുംതാസിന്റെ ഓർമയ്ക്കായി പണിത താജ്മഹലിനോട് മനുഷ്യർക്കുള്ള സ്നേഹം. പ്രണയത്തിന്റെ പ്രതീകമായി ലോകം അംഗീകരിച്ച താജ്മഹലിതാ അഭിമാനകരമായ ഒരു നേട്ടം കൂടെ സ്വന്തമാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്കുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കയാണ് താജ്മഹൽ. ലഗേജ് സ്റ്റോറേജ് സർവീസായ ബൗൺസ് നടത്തിയ സർവേയിലാണ് താജ്മഹൽ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നയാഗ്രാ വെള്ളച്ചാട്ടമാണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. വാർഷിക സന്ദർശനങ്ങൾ, സന്ദർശക ഫീസ്, ട്രിപ്പ് അഡൈ്വസറിലെ റേറ്റിങ്, ഇൻസ്റ്റഗ്രാം പോസ്റ്റുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയികരിക്കുന്നത്. കഴിഞ്ഞ വർഷം 22 ലക്ഷം ഗൂഗിൾ സെർച്ചുകളാണ് താജ്മഹലിന് ഉണ്ടായിരിക്കുന്നത്. 5ൽ 5 റേറ്റിങ്ങാണ് ട്രിപ്പ് അഡൈ്വസറിലുള്ളത്. ഗ്രാൻഡ് കന്യൺ (യു.എസ്.എ), ബുർജ് ഖലീഫ (യു.എ.ഇ), ഈഫൽ ടവർ (ഫ്രാൻസ്), മാച്ചു പിച്ചു (പെറു എന്നിവയെല്ലാം താജ്മഹലിന് പിന്നിലാണ്. വെണ്ണക്കല്ലിലെ മഹാത്ഭുതം ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ഉത്തർപ്രദേശിലെ ആഗ്രയിൽ, യമുനാ നദീതീരത്ത് സ്ഥിതി ചെയ്യുന്നു. ന്യൂഡൽഹിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ ദൂരത്താണിത്. ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്ക് ഷാജഹാൻ ചക്രവർത്തിയാണ് താജ്മഹൽ പണികഴിപ്പിച്ചത്. വെണ്ണക്കല്ലിൽ കൊത്തിയെടുത്ത ഈ മഹാദ്ഭുതം മുഗൾ വാസ്തുവിദ്യയുടെ ശ്രേഷ്ഠ മാതൃകയായി കരുതപ്പെടുന്നു. 1983ൽ താജ്മഹൽ യുനെസ്കോ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടംനേടി. 1631ലാണ് താജ്മഹലിന്റെയും സമീപത്തുള്ള സ്മാരകങ്ങളുടെയും നിർമാണം തുടങ്ങിയത്. ആയിരക്കണക്കിന് കലാകാരന്മാരും ശിൽപ്പികളും ചേർന്ന് 22 വർഷമെടുത്താണ് പണി പൂർത്തിയാക്കിയത്. അന്ന് 3.2 കോടിയാണതിനു വേണ്ടി ചക്രവർത്തി ചെലവിട്ടത്. പേഴ്സ്യൻ, തുർക്കിക്ക്, സാരസൻ, യൂറോപ്പ്യൻ, രാജപുത് ശൈലികളുടെ സമഞ്ജസമായ സമ്മേളനമാണ് താജ്മഹലിനെ വേറിട്ടതാക്കുന്നത്. കേവലമായ ഒരു ശവകുടീരത്തിൽ നിന്ന് കാലാതിവർത്തിയായ പ്രണയകുടീരമായി ആ വെണ്ണക്കൽ സൗധം മാറിയതും അതുകൊണ്ടു തന്നെ. ഉസ്താദ് അഹമ്മദ് ലാഹോറി, ഉസ്താദ് ഈസ എന്നിവരാണ് താജ്മഹലിന്റെ മുഖ്യ ശിൽപികളായി വിലയിരുത്തപ്പെടുന്നത്. കുംഭഗോപുരത്തിന്റെ താഴെയാണ് മുംതാസ് മഹലിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിട്ടുള്ളത്. തൊട്ടടുത്തു തന്നെ ഷാജഹാന്റെ കബറിടവുമുണ്ട്. തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് നിലകൊള്ളുന്ന താജ്മഹൽ ഇപ്പോൾ ആർക്കിയോളജിക്കൽ വകുപ്പിന് കീഴിലാണ്

