എ.കെ.ജി സെന്റര്‍ ആക്രമണം: കിട്ടിയവനെ പ്രതിയാക്കി; വിമര്‍ശനം രൂക്ഷമായതോടെ ജാമ്യം

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച നിര്‍മാണത്തൊഴിലാളിക്കെതിരേ സ്വമേധയാ മറ്റൊരു കേസെടുത്തത് വിവാദമായതോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അന്തിയൂര്‍ക്കോണം സ്വദേശി റിജുവിന്റെ പേരിലാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.
എ.കെ.ജി. സെന്ററിന്റെ ചില്ലുകള്‍ എറിഞ്ഞുപൊട്ടിക്കുമെന്ന് റിജു സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തത്. ആദ്യം കഴക്കൂട്ടം സ്റ്റേഷനിലും പിന്നീട് കന്റോണ്‍മെന്റ് സ്റ്റേഷനിലും 30 മണിക്കൂറോളം ചോദ്യംചെയ്തു. എന്നാല്‍, ആക്രമണക്കേസില്‍ പങ്കില്ലെന്ന് കണ്ടെത്തി.
ഇതോടെ, സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ട സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

