ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ആദ്യം നടത്തിയ ആദ്യ പ്രതികരണം. സംഭവം കഴിഞ്ഞ് പിറ്റേന്ന് കാലത്താണ് ഈ പ്രസ്താവന നടത്തിയത്. അക്രമം നടത്തിയത് ആരുമാകട്ടെ, ഇതുപോലൊരു സംഭവം നടന്നിട്ട് അതിനെ അപലപിക്കാന്‍ തയ്യാറാവണ്ടേ?. അപലപിക്കാന്‍ തയ്യാറാകാത്ത മാനസികാവസ്ഥ എന്തുകൊണ്ടു വരുന്നു- മുഖ്യമന്ത്രി ആരാഞ്ഞു.
ഇതിനു പിന്നാലെ ആക്രമണത്തെ അപലപിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. സംഭവം നടന്നതിന്റെ പിറ്റേന്ന് രാവിലെ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോള്‍, അതിശക്തമായി ഞങ്ങള്‍ അപലപിക്കുന്നു എന്നാണ് താന്‍ പറഞ്ഞത്- സതീശന്‍ പറഞ്ഞു. താന്‍ പ്രതിപക്ഷ നേതാവും യു.ഡി.എഫ്. ചെയര്‍മാനുമാണ്. താന്‍ പറഞ്ഞാല്‍, യു.ഡി.എഫ്. അപലപിക്കുന്നു എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലെന്നും സതീശന്‍ പറഞ്ഞു.
എന്നാല്‍ താന്‍ പറഞ്ഞത് ഇ.പി. ജയരാജനാണ് എ.കെ.ജി. സെന്റര്‍ ആക്രമണം സംഘടിപ്പിച്ചതെന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ പ്രസ്താവനയെ കുറിച്ചാണെന്ന് മുഖ്യമന്ത്രി സതീശന് മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷ ബെഞ്ചില്‍നിന്ന് ശബ്ദം ഉയര്‍ന്നപ്പോള്‍ സുധാകരന്റെ രീതികളെ കുറിച്ചാണോ എന്നെ ഓര്‍മിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ആരാഞ്ഞു. അതിലേക്കൊന്നും പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങളുടെ നേതാവല്ലേ. നിങ്ങള്‍ അദ്ദേഹത്തെ നേതാവായി അംഗീകരിച്ചു നടക്കുകയാണ്. ആയിക്കോട്ടെ, പക്ഷേ സുധാകരന്‍ ആര് എന്നൊക്കെ എന്നെ പഠിപ്പിക്കാന്‍ നില്‍ക്കരുത്. അപ്പോള്‍ എനിക്ക് നാല്‍പ്പാടി വാസുവിന്റെ മാത്രമല്ല, ആ സേവ്യര്‍ ഹോട്ടലില്‍… ഓര്‍മയില്ലേ നാണുവിന്റെ കഥ- മുഖ്യമന്ത്രി ചോദിച്ചു.

