വെള്ളത്തിന്റെ ഗുണനിലവാരം; കാസർകോട് സ്കൂളുകളിൽ ഉൾപ്പെടെ ലാബുകൾ

കാസർകോട്: ഉപയോഗിക്കുന്ന ജലം സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ ജില്ലയിൽ കൂടുതൽ ലാബുകൾ. മൂന്നു ലാബുകൾ ജല അതോറിറ്റിക്കു കീഴിൽ സജ്ജമായി. അതിനുപുറമെ 12 സ്കൂളുകളിൽക്കൂടി ലാബുകൾ തുറക്കും. ജല അതോറിറ്റിയുടെ കീഴില്‍ വിദ്യാനഗറിലെ ജില്ല ലാബിനുപുറമെ പുലിക്കുന്ന്, കാഞ്ഞങ്ങാട്-ചാമുണ്ഡിക്കുന്ന്, എന്നിവിടങ്ങളിലാണ് ഉപജില്ല ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്.
കാറഡുക്കയിലെ ബോവിക്കാനത്തെ ലാബ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ബോവിക്കാനത്തെ ലാബിനുമാത്രമാണ് എന്‍.എ.ബി.എല്‍ (ലബോറട്ടറികളുടെ പരിശോധനക്കും കാലിബ്രേഷനുമുള്ള ദേശീയ അക്രഡിറ്റേഷന് ബോര്‍ഡ്) അംഗീകാരം ലഭിക്കാന്‍ ബാക്കിയുള്ളത്.
നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്ത് ജില്ലയിലെ 12 സ്കൂളുകളില്‍ ജല ഗുണനിലവാര പരിശോധനാ ലാബുകള്‍ ആരംഭിക്കുന്നു. ജില്ലയിലെ വിവിധ കിണറുകളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും ശേഖരിച്ച ജല സാംപ്ളുകളുടെ ഗുണനിലവാരം പരിശോധിച്ചതില്‍ ഭൂരിഭാഗം സാമ്പ്ളുകളിലും മാലിന്യമുള്ളതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുത്ത 12 സ്കൂളുകളില്‍ ലാബ് ആരംഭിക്കാന്‍ തീരുമാനിച്ചത്.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ കിണര്‍ ജലാശയങ്ങളിലെ ജല സാമ്പ്ളുകള്‍ പരിശോധിച്ചതില്‍ അതീവ മാലിന്യം നിറഞ്ഞു ഉപയോഗ്യ യോഗ്യമല്ലാത്ത രീതിയിലാണ് കണ്ടെത്തിയിട്ടുള്ളത്. 90 ശതമാനത്തിനു മുകളില്‍ മൂന്നെണ്ണവും 80-90 ശതമാനത്തിനിടയില്‍ മൂന്നെണ്ണവും 60-80 ശതമാനത്തിനിടയില്‍ 12 എണ്ണവും 50 ശതമാനത്തിന് മുകളില്‍ ഏഴെണ്ണവും മലിനമാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

