ആലുവയിൽ 5 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: പ്രതി കുറ്റക്കാരൻ; 16 കുറ്റങ്ങളും തെളിഞ്ഞു

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി. കൊലപാതകം, ബലാത്സംഗം, പോക്സോ കുറ്റങ്ങൾ, തട്ടിക്കൊണ്ടുപോകൽ, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരം എന്നിവ ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും. സാക്ഷിമൊഴികൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനാണെന്ന് തെളിയിച്ചത്. വധശിക്ഷ വിധിക്കാവുന്ന മൂന്നു കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
ക്രൂരകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതി കേസിൽ വിധി പറയുന്നത്. വിധി കേൾക്കാൻ കുട്ടിയുടെ മാതാപിതാക്കൾ കോടതിയിലെത്തിയിരുന്നില്ല. സമാനതകളില്ലാത ക്രൂരതയെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. മൃതദേഹം കല്ലുകൊണ്ട് ഇടിച്ചുവികൃതമാക്കിയ സംഭവം മുൻപ് ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. കല്ലുകൊണ്ട് ഇടിച്ചു മുഖം വികൃതമാക്കി ഒടിച്ചുമടക്കി ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം, പ്രതിയുടെ മാനസിക നില പരിശോധിക്കണണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാൽ പ്രതിക്ക് യാതൊരു മാനസിക പ്രശ്നവുമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 100 ദിവസം ജയിലിൽ കഴിഞ്ഞിട്ടും പ്രതിക്ക് യാതൊരു മാനസിക മാറ്റവും ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. വധശിക്ഷയിൽ കുറഞ്ഞൊന്നും നൽകാൻ സാധിക്കില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ മാനസിക നില പരിശോധച്ചതിന്റെ റിപ്പോർട്ട് ഉണ്ടോയെന്ന് കോടതി ചോദിച്ചു. പരിശോധന നടത്തിയതിന്റെ രേഖകൾ ഹാജരാക്കാം എന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കുന്നതിനു മുൻപ് മാനസിക നില പരിശോധിച്ചതിന്റെ റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടു.
26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂർത്തിയാക്കിയത്. ഒക്ടോബർ 4നാണ് കേസിൽ വിചാരണ ആരംഭിച്ചത്. ജൂലൈ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ ബിഹാർ സ്വദേശി അസ്ഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായ പീഡനത്തനിരയാക്കിയാണ് കൊലപ്പെടുത്തിയത്. ജൂലൈ 29 ന് രാവിലെ ആലുവ മാർക്കറ്റ് പരിസരത്ത് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിക്കടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നൽകിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.
അസ്ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. കൊലപാതകം, ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 41 സാക്ഷികളുടെ വിസ്താരം കേസിൽ നടന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി അസ്‌ഫാക് ആലത്തെ വിസ്തരിച്ചത്. കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കിയ പൊലീസ് 30 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിന്നാലെ അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കുകയായിരുന്നു.
English Summary:

