KSDLIVENEWS

Real news for everyone

മിന്നിച്ച് മെസ്സി! ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ അര്‍ജന്റീന മുന്നില്‍ (1-0)

SHARE THIS ON

ദോഹ: വിരസമായ തുടക്കം…പാസുകളൊന്നും കൃത്യമാകുന്നില്ല എന്തിനേറെ പറയുന്നു ഒരു കോര്‍ണര്‍ നേടിയെടുക്കാന്‍ പോലും ഏറെ സമയമെടുത്തു. പക്ഷേ ആ വിരസതയെ കീറിമുറിക്കാന്‍ ആല്‍ബിസെലസ്റ്റസിന്റെ 10-ാം നമ്പര്‍ കുപ്പായക്കാരന്‍ ധാരാളമായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഗോളിന്റെ ബലത്തില്‍ അര്‍ജന്റീന മുന്നില്‍. 35-ാം മിനിറ്റിലാണ് മെസ്സി ഗോള്‍വലകുലുക്കിയത്. മത്സരത്തിന്റെ തുടക്കം തൊട്ട് അര്‍ജന്റീന ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. അര്‍ജന്റീനയുടെ മുന്നേറ്റങ്ങളെ ഓസ്‌ട്രേലിയ ശാരീരികമായാണ് നേരിട്ടത്. ആദ്യ 22 മിനിറ്റില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. പന്ത് ഭൂരിഭാഗം സമയവും കൈവശം വെച്ചത് അര്‍ജന്റീനയാണ്. 24-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍ ഓസ്‌ട്രേലിയ നേടിയെടുത്തു. വിരസമായ കളിയെ ആവേശക്കൊടുമുടിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് അര്‍ജന്റീനയ്ക്കായി സൂപ്പര്‍ താരം ലയണല്‍ മെസ്സി 35-ാം മിനിറ്റില്‍ വലകുലുക്കി. ആരാധകരെയും ഓസ്‌ട്രേലിയയെയും അമ്പരിപ്പിച്ചുകൊണ്ടാണ് മെസ്സി വലകുലുക്കിയത്. മാക് അലിസ്റ്ററുടെ പാസ് സ്വീകരിച്ച ഒട്ടമെന്‍ഡി പന്ത് ഒരു ടച്ചിലൂടെ അത് മെസ്സിയ്ക്ക് കൈമാറി. മൂന്ന് പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ പന്ത് വലയിലേക്ക് അടിച്ചിട്ടപ്പോള്‍ അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയം ആഹ്ലാദത്താല്‍ പൊട്ടിത്തെറിച്ചു. അത്രമേല്‍ ലോകോത്തര നിലവാരമുള്ള ഗോളാണ് മെസ്സിയുടെ കാലില്‍ നിന്ന് പിറന്നത്. മെസ്സിയുടെ ഒന്‍പതാം ലോകകപ്പ് ഗോളാണിത്. ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ സൂപ്പര്‍ താരത്തിന്റെ ആദ്യ ഗോളുമാണിത്. ലോകകപ്പിലെ മെസ്സിയുടെ ഒന്‍പതാം ഗോളാണിത്. പിന്നാലെ മത്സരം ആവേശത്തിലേക്കുയര്‍ന്നു. വൈകാതെ ആദ്യ പകുതി അവസാനിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!