KSDLIVENEWS

Real news for everyone

വിദ്യാർഥിനിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവം; 3 അധ്യാപകർക്ക് സസ്പെൻഷൻ, ഒരാളെ സ്ഥലം മാറ്റി

SHARE THIS ON

കൊച്ചി: കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിൽ വിദ്യാർഥിനിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തിൽ അധ്യാപകര്‍ക്കെതിരെ നടപടി. മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. പി.എസ്. ശ്രീകാന്ത്, ജിഷ ജോസഫ്, എൻ.എസ്. ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സസ്പെൻഡ് ചെയ്തത്. അധ്യാപികയായ ആർ.എസ്. രാജിയെ സ്ഥലംമാറ്റി.

സഹപാഠികൾ നായ്ക്കുരണ പൊടി ദേഹത്ത് വിതറിയതിനെ തുടർന്ന് ഒരു മാസമായി ദുരിതം അനുഭവിക്കുന്ന പെൺകുട്ടിയെ കുറിച്ചുള്ള വാർത്ത വന്നതിനു പിന്നാലെയാണു വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം ആരംഭിച്ചത്. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടർ ഓഫിസിലെയും ഡിഇഒ, എഇഒ ഓഫിസിലെയും ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലും സ്‌കൂളിലുമെത്തി വിവരങ്ങൾ ശേഖരിച്ചു. ശാരീരിക അവശതകൾ മൂലം വിശ്രമിക്കുന്ന കുട്ടിക്ക് എസ്എസ്എൽസി പരീക്ഷ എഴുതാൻ സഹായിയെ നൽകാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എന്നാൽ സ്വയം പരീക്ഷ എഴുതിക്കൊള്ളാം എന്നായിരുന്നു വിദ്യാർഥിനിയുടെ മറുപടി. 

ക്ലാസിൽ കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടയുണ്ടായ അപകടം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്കൂൾ അധികൃതർ നൽകിയ വിശദീകരണം. പെൺകുട്ടി നേരിട്ട ദുരിതം നിസാരവൽക്കരിക്കാൻ ആണ് സ്കൂളിന്റെ ശ്രമം എന്ന് കൂട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. സംഭവത്തിന്റെ ഗൗരവം കുറയ്ക്കരുതെന്നും പരാതിയിൽ ഉടനെ നടപടിയെടുക്കണമെന്നും അമ്മ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കഴിഞ്ഞമാസം മൂന്നിനാണ് സഹപാഠികൾ പെൺകുട്ടിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറിയത്. സ്വകാര്യ ഭാഗത്ത് പൊടി വീണ് മൂത്രം പോലും ഒഴിക്കാൻ ആവാത്ത നിലയിലായിരുന്നു പെൺകുട്ടി. മാനസികമായി തകർന്ന പെൺകുട്ടി സൈക്യാട്രിസ്റ്റിന്റെ ചികിത്സയിലാണ്. സഹപാഠികളിൽ നിന്നും നേരത്തെയും മോശം അനുഭവം കുട്ടി നേരിട്ടിരുന്നതായയാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!