KSDLIVENEWS

Real news for everyone

പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ

SHARE THIS ON

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് വിവരങ്ങളും കിട്ടിയ ശേഷം അന്വേഷണം തുടങ്ങും. ചികിത്സാ പിഴവുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഡിഎംഒ പറഞ്ഞു. അമിത രക്തസ്രാവമുണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു. ചികിത്സാപിഴവിനെ തുടര്‍ന്നാണ് ഐശ്വര്യ പ്രസവത്തോടെ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഐശ്വര്യയുടെ കുഞ്ഞ് പ്രസവത്തോടെ മരിച്ചിരുന്നു.

സംഭവത്തില്‍, ചികിത്സാ പിഴവിന് മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമ‍ര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. യുവജന കമ്മീഷന്‍ അംഗം ടി മഹേഷാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഐശ്വര്യ ഇന്നും നവജാത ശിശു ഇന്നലെയുമാണ് മരിച്ചത്. കുഞ്ഞിന്റെയും അമ്മയുടേയും മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അശ്രദ്ധയും അനാസ്ഥയും ആണെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. നടപടി ആവശ്യപ്പെട്ട് ഇവര്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഡ‍ോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.


ആറ് ദിവസം മുമ്ബാണ് 25കാരിയായ ഐശ്വര്യയെ തങ്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിസേറിയന്‍ വേണമെന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം അറിയിച്ചത്. പിന്നീട് സാധാരണ പ്രസവം മതിയെന്നായി. കുട്ടിയെ പുറത്തെടുത്തത് വാക്വം ഉപയോഗിച്ചാണ്. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നവജാത ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി വരിഞ്ഞു മുറുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട്.

ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം ആശുപത്രിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോ അജിത്, ഡോ നിള, ഡോ പ്രിയദര്‍ശിനി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!