മിന്നൽപ്രളയത്തിൽ ഒറ്റപ്പെട്ട് സിക്കിം: എട്ടുമരണം, 69 പേരെ കാണാതായി; ഒലിച്ചുപോയത് ആറുപാലങ്ങൾ

ഗാങ്ടോക്ക്: വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിനടുത്ത് മേഘസ്ഫോടനത്തിലും തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും വൻനാശം. തീസ്താ നദീതടത്തിലെ വെള്ളപ്പൊക്കത്തിൽ എട്ടുപേർ മുങ്ങിമരിച്ചു. 22 സൈനികരുൾപ്പെടെ 69 പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇതിൽ ഒരുസൈനികനുൾപ്പെടെ 166 പേരെ പിന്നീട് രക്ഷപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ ആരംഭിച്ച പെരുമഴ മണിക്കൂറുകളോളം നീണ്ടു. ചുങ്താങ്ങിനും റാങ്പോയ്ക്കുമിടയിൽ ആറുപാലങ്ങൾ ഒലിച്ചുപോയി. ചുങ്താങ് അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടത് സ്ഥിതി ഗുരുതരമാക്കി. ഗോലിറ്റാർ, സിങ്തം മേഖലകളിൽനിന്നാണ് അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്നുേപരുടെ മൃതദേഹങ്ങൾ വടക്കൻ ബംഗാളിൽ ഒലിച്ചെത്തിയനിലയിലായിരുന്നു. ലാചൻ താഴ്വരയിലെ താത്കാലിക സൈനികക്യാമ്പും അനുബന്ധകെട്ടിടങ്ങളും തകർന്നു. ഇവിടെനിന്നാണ് 22 സൈനികരെ കാണാതായത്. സിങ്തമിനടുത്ത് ബർദാങ്ങിൽ നിർത്തിയിട്ടിരുന്ന 41 കരസേനാവാഹനങ്ങൾ ചെളിയിൽ മുങ്ങിപ്പോവുകയും ഒലിച്ചുപോവുകയും ചെയ്തു. ചുങ്താങ് അണക്കെട്ടിൽനിന്നുള്ള കുത്തിയൊഴുക്കിൽ ജലനിരപ്പ് 15-20 അടിവരെ ഉയർന്നതാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് പ്രതിരോധവക്താവ് ലെഫ്. കേണൽ മഹേന്ദ്ര റാവത്ത് പറഞ്ഞു. കാണാതായ സൈനികർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മഴയും കാറ്റും തുടരുന്നത് തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ലൊനാക് തടാകത്തിലെ ഹിമപാളികൾ പൊട്ടിച്ചിതറിയതും ജലനിരപ്പുയരാൻ ഇടയാക്കി. സിക്കിമിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 10-ന്റെ ചില ഭാഗങ്ങൾ പാടെ തകർന്നു. ഇതോടെ സംസ്ഥാനം ഏറക്കുറെ ഒറ്റപ്പെട്ടനിലയിലാണ്. ദുരന്തനിവാരണസേനകളുടെയും പോലീസിന്റെയും അഗ്നിശമനസേനകളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. 45 പേരെ രക്ഷിച്ചു; ഇവരിൽ 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പി.എസ്. തമാങ്ങിനെ വിളിച്ച് സഹായം വാഗ്ദാനംചെയ്തു. മുഖ്യമന്ത്രി കെടുതി രൂക്ഷമായ സിങ്തം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സിക്കിമിലെങ്ങും അതിജാഗ്രതയ്ക്ക് സർക്കാർ ഉത്തരവിറക്കി. പ്രകൃതിക്ഷോഭം വൻദുരന്തമായി പ്രഖ്യാപിച്ചുകൊണ്ട് വിജ്ഞാപനവുമിറക്കി. തലസ്ഥാനമായ ഗാങ്ടോക്കിൽനിന്ന് 30 കിലോമീറ്റർ അകലെ സിങ്ടാമിലെ ഇന്ദ്രേനി ഉരുക്കുപാലം പൂർണമായും തീസ്താ നദിയിൽ ഒലിച്ചുപോയി. ബല്വാതാറിലെയും ലാൻകോ ജലവൈദ്യുതപദ്ധതിയിലെയും രണ്ടുപാലങ്ങളും തകർന്നവയിലുൾപ്പെടുന്നു. മംഗാൻ, പാക്യോങ്, ഗാങ്ടോക്ക് ജില്ലകളിലാണ് പ്രളയക്കെടുതി രൂക്ഷം. തീസ്താതടത്തിൽ സ്ഥിതിചെയ്യുന്ന ദിക്ച്ചു, സിങ്തം, രംഗ്പോ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളും വെള്ളക്കെട്ടിലാണ്. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകർന്നു. പതിനായിരങ്ങളാണ് അഭയാർഥികളായത്. ഇവരെ പാർപ്പിക്കാനായി ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. പ്രളയക്കെടുതി നേരിടുന്ന ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് എട്ടുവരെ അവധിനൽകി. തീസ്താനദിയിലെ ജലനിരപ്പ് ഉയരാനിടയുണ്ടെന്ന ആശങ്കയെത്തുടർന്ന് ഈ നദിയൊഴുകുന്ന വടക്കൻ ബംഗാളിലെയും ബംഗ്ലാദേശിലെയും ചില ജില്ലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. ബംഗാളിലെ ജൽപായ്ഗുഡിയിൽ തീസ്താനദീതടത്തിൽനിന്ന് പതിനായിരത്തോളംപേരെ മാറ്റിപ്പാർപ്പിച്ചു

