കമ്മീഷന് നല്‍കിയില്ല, MLA-യുടെ ‘ആളുകള്‍’ പുതുതായി നിര്‍മിച്ച റോഡ് തകര്‍ത്തു; സംഭവം യു.പി.യില്‍

ലഖ്നൗ: കമ്മീഷന് നല്‍കാത്തതിന്റെ ദേഷ്യംതീർക്കാൻ ബി.ജെ.പി. എം.എല്‍.എ.യുടെ അനുയായികള്‍ പുതുതായി നിര്‍മിച്ച റോഡ് തകര്‍ത്തതായി പരാതി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍നിന്ന് ബദ്വാനിലേക്ക് നിര്‍മിച്ച റോഡാണ് അക്രമിസംഘം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തത്. അരക്കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് തകര്‍ത്ത അക്രമിസംഘം, തൊഴിലാളികളെ മര്‍ദിച്ചതായും റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ കത്തിച്ചതായും പരാതിയുണ്ട്. ബി.ജെ.പി. എം.എല്‍.എ. വീര്വിക്രം സിങ്ങിന്റെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ടെത്തിയ ജഗ്വീര് സിങ് എന്നയാളാണ് അക്രമത്തിന് നേതൃത്വത്തിന് നല്‍കിയതെന്നാണ് കരാറുകാരന്റെ പരാതി. നിര്‍മാണം നടക്കുമ്പോള്‍ അഞ്ചുശതമാനം കമ്മീഷന് ആവശ്യപ്പെട്ട് ജഗ് വീര്‍ സിങ് പലതവണ കരാറുകാരെ സമീപിച്ചിരുന്നു. എം.എല്‍.എ.യുടെ അടുത്ത ആളാണെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ പണം ചോദിച്ചത്. എന്നാല്‍, പണം നല്കാന് വിസമ്മതിച്ചതോടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇയാളും കൂട്ടാളികളും റോഡ് തകര്‍ത്തെന്നാണ് കരാറുകാരന്റെ ആരോപണം. സംഭവത്തില്‍ കരാറുകാരന്റെ പരാതിയില്‍ ജഗ്വീര് സിങ് അടക്കം ഇരുപതോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ തിഹാര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയതായി എ.ഡി.എം. സഞ്ജയ് കുമാര്‍ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. പി.ഡബ്ല്യൂ.ഡി. എക്സിക്യുട്ടീവ് എന്‍ജിനീയറില്‍നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. റോഡിന്റെ നിര്‍മാണം കഴിഞ്ഞദിവസം പുനഃരാരംഭിച്ചതായും മതിയായ സുരക്ഷ നല്കാന് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ.ഡി.എം. പറഞ്ഞു. അതേസമയം, സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു ബി.ജെ.പി. എം.എല്‍.എ. വിക്രംവീര് സിങ്ങിന്റെ പ്രതികരണം. പ്രതിയായ ജഗ് വീര്‍ സിങ് തന്റെ പ്രതിനിധിയല്ലെന്നും അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും എം.എല്‍.എ. പറഞ്ഞു. എന്നാല്‍, ജഗ് വീര്‍ സിങ് ബി.ജെ.പി. പ്രവര്‍ത്തകനാണെന്ന് എം.എല്‍.എ. സമ്മതിച്ചതായാണ് എന്‍.ഡി.ടി.വി.യുടെ റിപ്പോര്‍ട്ട്.

