ഒടുവിൽ ഇളയമകന് അഫ്സാന്റെ മരണവിവരം ഉമ്മ അറിഞ്ഞു; ആശുപത്രി കിടക്കയില്‍ പൊട്ടിക്കരഞ്ഞ് ഷെമി

തിരുവനന്തപുരം: കേരളം ഞെട്ടിയ കൊടുംക്രൂരത അരങ്ങേറിയതിന്റെ 11-ാം ദിവസം വെഞ്ഞാറമൂട് പേരുമല സല്‍മാസില്‍ ഷെമി ആ ദുഃഖവാര്‍ത്തയറിഞ്ഞു. വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ ഇളയമകന് അഫ്സാന്(14) മരിച്ചവിവരം ഡോക്ടര്‍മാരാണ് വ്യാഴാഴ്ച ഷെമിയെ അറിയിച്ചത്. ഭര്‍ത്താവ് റഹീമിന്റെ സാന്നിധ്യത്തിലായിരുന്നു ഡോക്ടര്‍മാര്‍ ഇളയമകന് മരിച്ചവിവരം ഷെമിയെ അറിയിച്ചത്. അഫ്സാന് ജീവനോടെയില്ലെന്ന വിവരമറിഞ്ഞ് ആശുപത്രികിടക്കയില്‍ ഷെമി പൊട്ടിക്കരഞ്ഞു. ഇത് കണ്ടുനിന്നവര്‍ക്കും സഹിക്കാനായില്ല.
ഇളയമകന് എവിടെയാണെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള ഷെമി കഴിഞ്ഞദിവസങ്ങളിലെല്ലാം നിരന്തരം ചോദിച്ചിരുന്നു. മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് തലയില്‍ നാൽപതോളം തുന്നലുകളുമായാണ് ഷെമി ചികിത്സയില്‍ കഴിയുന്നത്. ബോധം വീണ്ടെടുത്തതിന് പിന്നാലെ ഇളയമകനെയാണ് ഷെമി നിരന്തരം തിരക്കിയിരുന്നത്. കാണാനെത്തുന്ന ബന്ധുക്കളോടും അഫ്സാന് എവിടെയാണെന്ന് മാത്രമാണ് ചോദിച്ചിരുന്നത്. അഫ്സാന് ചികിത്സയിലാണെന്നും കുഴപ്പമില്ലെന്നുമാണ് ഇതുവരെ ബന്ധുക്കള്‍ ഷെമിയോട് പറഞ്ഞിരുന്നത്.
എന്നാല്‍, കഴിഞ്ഞദിവസം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ മരണവിവരം ഷെമിയെ അറിയിക്കാമെന്ന് ബന്ധുക്കളും ഡോക്ടര്‍മാരും തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചാണ് ആശുപത്രിയിലെ മനോരോഗ വിദഗ്ധര്‍ ഇളയമകന് അഫ്സാന് മരിച്ചതായി ഷെമിയെ അറിയിച്ചത്. ഭര്‍ത്താവ് റഹീമിന്റെ സാന്നിധ്യത്തിലാണ് വിവരം പങ്കുവെച്ചത്. എന്നാല്‍, എങ്ങനെയാണ് മരിച്ചതെന്നോ അഫാനാണ് കൊലപ്പെടുത്തിയതെന്ന കാര്യമോ മറ്റുവിശദാംശങ്ങളോ ഷെമിയോട് പറഞ്ഞിട്ടില്ല. മകന്റെ മരണവിവരമറിഞ്ഞ് ഷെമി ആശുപത്രികിടക്കയില്‍ പൊട്ടിക്കരയുകയായിരുന്നു.
വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ ഷെമിയുടെ മൊഴി ഇതുവരെ അന്വേഷണസംഘം എടുത്തിട്ടില്ല. കൊലപാതകവിവരങ്ങള്‍ അറിയിച്ചശേഷം മൊഴി രേഖപ്പെടുത്താമെന്നാണ് പോലീസ് തീരുമാനം. എന്നാല്‍, കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് ഷെമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അഫാനെ സംരക്ഷിക്കുന്ന രീതിയിലായിരുന്നു മൊഴി. കട്ടിലില്‍നിന്ന് വീണാണ് തലയ്ക്കു പരിക്കേറ്റതെന്നായിരുന്നു പറഞ്ഞിരുന്നത്.
ഫെബ്രുവരി 24-നാണ് റഹീം-ഷെമി ദമ്പതിമാരുടെ മൂത്തമകനായ അഫാന്(23) കുടുംബത്തിലെ നാലുപേരെയും പെണ്‍സുഹൃത്തിനെയും ക്രൂരമായി കൊലപ്പെടുത്തിയത്. മുത്തശ്ശി സല്‍മാ ബീവി(95), സഹോദരന് അഫ്സാന്(14), പിതൃസഹോദരന് ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് അഫാന് മണിക്കൂറുകളുടെ ഇടവേളകളില്‍ കൊലപ്പെടുത്തിയത്.
മാതാവ് ഷെമിയെയും അഫാന് ക്രൂരമായി ആക്രമിച്ചിരുന്നു. മാതാവ് മരിച്ചെന്ന് കരുതിയാണ് അഫാന് ഇവരെ മുറിയില്‍ പൂട്ടിയിട്ടത്. എന്നാല്‍, കൊലപാതകവിവരം പുറത്തറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഷെമിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുകയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ അഫാനെ വ്യാഴാഴ്ച പോലീസ് സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. സാമ്പത്തികബാധ്യതയും കടം വീട്ടാന്‍ കഴിയാതിരുന്നതും ബന്ധുക്കള്‍ സഹായിക്കാതിരുന്നതുമാണ് കൂട്ടക്കൊലയ്ക്ക് കാരണമായതെന്നായിരുന്നു പ്രതിയുടെ മൊഴി.

