മടങ്ങിവരാൻ തയാറാകാതെ വോട്ട് ചെയ്യാൻ പോയ അതിഥിത്തൊഴിലാളികൾ; വിമാന ടിക്കറ്റ് അടക്കം വാഗ്ദാനം ചെയ്ത് തൊഴിൽ ഉടമകൾ

കോട്ടയം: മടങ്ങിവരാൻ തയ്യാറാകാതെ ബംഗാളിലേക്കും അസമിലേക്കും വോട്ട് ചെയ്യാൻ പോയ 12,000 അതിഥിത്തൊഴിലാളികൾ. തിരികെ വരാൻ വിമാന ടിക്കറ്റ് അടക്കം എടുത്തു നൽകാമെന്നു വാഗ്ദാനം ചെയ്ത് തൊഴിൽ ഉടമകൾ. ജില്ലയിൽ കെട്ടിട നിർമാണം, ഹോട്ടൽ മേഖല, പഴം പച്ചക്കറി, മീൻ, ഇറച്ചി വ്യാപാര ശാലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന 12,000 പേർ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയെന്നാണ് യൂണിയനുകളുടെ കണക്ക്. അതിഥിത്തൊഴിലാളികൾക്കു കുടുംബസമേതം ജന്മനാട്ടിലേക്കുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റും ട്രെയിൻ ടിക്കറ്റും നൽകിയത്. വോട്ട് ചെയ്ത ശേഷം വേഗം തിരിച്ചുവരണമെന്നു പറഞ്ഞാണയച്ചത്. തിരികെ എത്തുന്നതിനു വിമാന ടിക്കറ്റ് നൽകാമെന്നും പറഞ്ഞിരുന്നു.
എന്നാൽ പലരും തിരികെ വരാൻ തയാറാകുന്നില്ല. തൊഴിലും വേതനവർധനവും ഉറപ്പാക്കാമെന്ന വാഗ്ദാനം നൽകിയാണ് ഇവരെ ബംഗാളിലെ രാഷ്ട്രീയ പാർട്ടികൾ ബന്ധുക്കൾ മുഖേന നിർബന്ധിച്ച് നാട്ടിലേക്ക് വിളിച്ചത്. നാടുവിട്ടു നിന്നാൽ സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്ന പ്രചാരണം ഇവർക്കിടയിലുണ്ട്.

