കമ്പനികള്‍ നല്കുന്ന ജി.പി.എസിനും അനുമതി വേണമെന്ന് എം.വി.ഡി; വാഹന രജിസ്ട്രേഷന് മുടങ്ങി

വാഹന നിര്‍മാണക്കമ്പനികള്‍ നല്കുന്ന ജി.പി.എസിന് സംസ്ഥാനത്ത് പ്രത്യേകാനുമതി വേണമെന്ന് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്. ഇതോടെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് തടസ്സപ്പെട്ടു. ബസ്, ലോറി, മിനിവാനുകള്‍ എന്നിവയുടെ നിര്‍മാതാക്കള്‍ ഫാക്ടറിയില്‍നിന്ന് ജി.പി.എസ്. ഘടിപ്പിച്ചാണ് വാഹനങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു നിബന്ധനയില്ല. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ സ്റ്റാന്‍ഡേഡ് നിഷ്കര്‍ഷിക്കുന്ന ഘടകങ്ങള്‍ മാത്രമേ വാഹനനിര്‍മാതാക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഇവയുടെ നിലവാരം കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തിയ ശേഷമാണ് വില്‍പ്പനാനുമതി നല്‍കുന്നത്. ജി.പി.എസ്. കമ്പനികള്‍ ഇടയ്ക്കുെവച്ച് പ്രവര്‍ത്തനം നിര്‍ത്തിപ്പോകുന്നത് ഒഴിവാക്കാന്‍ അടുത്തിടെ സംസ്ഥാനസര്‍ക്കാര്‍ ഇവയ്ക്ക് 50 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി നിര്‍ബന്ധമാക്കിയിരുന്നു. ഈ വ്യവസ്ഥ വാഹനനിര്‍മാണക്കമ്പനികള്‍ ഘടിപ്പിക്കുന്ന ജി.പി.എസുകള്‍ക്കും ബാധകമാണെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ വാദം. തീരുമാനമെടുക്കാന്‍ ഫയല്‍ സര്‍ക്കാരിന് കൈമാറി. രജിസ്ട്രേഷന് വൈകിയതിനാല്‍ ചേസിസ് വാങ്ങി ബോഡി നിര്‍മിക്കുന്ന ലോറി, ബസ് എന്നിവയുടെ ഉടമകള്‍ വന്‍തുക പിഴയടയ്ക്കേണ്ടിവരും. ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുയാത്രാ-ചരക്ക് വാഹനങ്ങള്‍ക്ക് ജി.പി.എസ്. നിര്‍ബന്ധമാണ്. 2.15 ലക്ഷം വാഹനങ്ങളില്‍ ഇതുവരെ ജി.പി.എസ്. ഘടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിബന്ധനയുടെ അടിസ്ഥാനത്തില്‍ കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ ഇതില്‍ പകുതിയോളം വാഹനങ്ങളില്‍ പുതിയ ജി.പി.എസ്. ഘടിപ്പിക്കേണ്ടിവരും. വാഹനങ്ങളുടെ വലുപ്പമനുസരിച്ച് 5000 മുതല്‍ 10,000 രൂപവരെ ഇതിനായി മുടക്കണം. 70 കോടി രൂപയുടെ അധികബാധ്യത ഇതിലൂടെ വാഹന ഉടമകള്ക്കുണ്ടാകും. ഇടയ്ക്കുവെച്ച് കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിപ്പോകുന്നത് ഒഴിവാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് വ്യവസ്ഥകള്‍ വെച്ചത്. സി-ഡാക്കിന്റെ സഹകരണത്തോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് ജി.പി.എസ്. ട്രാക്കിങ് സംവിധാനമൊരുക്കിയത്. ആദ്യം സ്കൂള്‍ വാഹനങ്ങള്‍ മാത്രമാണ് നിരീക്ഷിച്ചിരുന്നത്. പിന്നീട് മറ്റെല്ലാ പൊതുവാഹനങ്ങളും ഉള്‍ക്കൊള്ളിച്ചു. ഇതിനനുസരിച്ച് സെര്‍വര്‍ ശേഷി കൂട്ടാതിരുന്നതാണ് സംവിധാനം താറുമാറാക്കിയത്.

