KSDLIVENEWS

Real news for everyone

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ ലോണാവാലാ സ്റ്റേഷനിൽ കണ്ടെത്തി; സുരക്ഷിതരെന്ന് പോലീസ്

SHARE THIS ON

താനൂര്‍: ബുധനാഴ്ച താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ലോണാവാലാ സ്‌റ്റേഷനില്‍ നിന്നാണ് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. കേരള പോലീസ് കൈമാറിയ ഫോട്ടോയില്‍ നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ കുട്ടികളെ തിരിച്ചറിഞ്ഞത്. കുട്ടികൾ സുരക്ഷിതരാണെന്നും പൂനെ ആർ.പി.എഫ്. ഓഫീസിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പോലീസ് തങ്ങളെ കണ്ടെത്തിയതിൽ കുട്ടികൾ സന്തോഷത്തിലാണെന്നും വീട്ടിലേക്ക് എത്തിയാൽ ബന്ധുക്കൾ വഴക്കുപറയുമോ എന്ന ഭയത്തിലാണെന്നും പെൺകുട്ടികളുമായി ഫോണിൽ സംസാരിച്ച താനൂർ ഡി.വൈ.എസ്.പി. പറഞ്ഞു.

താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടുപേരെ കാണാതായതായാണ് രക്ഷിതാക്കളും സ്‌കൂള്‍ പ്രിന്‍സിപ്പലും പോലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പോലീസിന് വിവരം ലഭിച്ചത്. യുവാവ് രണ്ടുപേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചു. പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയ വിവരം മഹാരാഷ്ട്ര പോലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറിയിരുന്നു. പോലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതായി ബ്യൂട്ടി പാര്‍ലര്‍ ഉടമ പറഞ്ഞിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയതെന്ന് ഉടമ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. രണ്ടുപേരും മാസ്‌ക് ധരിച്ചിരുന്നു. പെണ്‍കുട്ടികളിലൊരാള്‍ പാര്‍ലറില്‍ മുടി മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സുഹൃത്തിന്റെ വിവാഹത്തിനായാണ് മുംബൈയിലെത്തിയതെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞതെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ പറഞ്ഞു. സുഹൃത്ത് കൂട്ടാന്‍ വരുമെന്നു പറഞ്ഞെങ്കിലും ഇയാള്‍ വരുന്നതിനുമുമ്പ് പാര്‍ലറില്‍നിന്ന് പോയി.

കുട്ടികള്‍ പരീക്ഷയെഴുതാനെന്നുപറഞ്ഞാണ് വീട്ടില്‍നിന്ന് പുറപ്പെട്ടത്. എന്നാല്‍ സ്‌കൂളില്‍ എത്തിയില്ല. പരീക്ഷയ്ക്ക് കാണാത്തതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. മൂന്നാംതീയതി ഇവര്‍ പരീക്ഷ എഴുതിയിരുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. ബുധനാഴ്ച ഇതില്‍ ഒരാള്‍ക്കേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!