കര്‍ഷക സമരം ഇന്ന് വനിതകൾ നയിക്കും, 40,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാദിനത്തിൽ ഡൽഹി അതിർത്തിയിലെ കർഷക പ്രതിഷേധത്തിന് നേതൃത്വം നൽകാൻ വനിതകൾ. പഞ്ചാബ്, ഹരിയാണ, ഉത്തർ പ്രദേശ് തുടങ്ങിയിടങ്ങളിൽനിന്നുള്ള നാൽപ്പതിനായിരത്തോളം വനിതാകർഷകർ ഡൽഹിയിലേക്ക് എത്തിച്ചേരുമെന്ന് കർഷക സംഘടനകൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് വനിതകളിൽ ഭൂരിഭാഗം പേരും ഡൽഹിയിലേക്കുള്ള യാത്ര ആരംഭിച്ചത്.
കർഷക സമരത്തിൽ, സംയുക്ത കിസാൻ മോർച്ച എല്ലായ്പ്പോഴും വനിതാകർഷകരുടെ കരുത്തിന് പ്രാധാന്യം നൽകിയിട്ടുണ്ട്. ടോൾ പ്ലാസകളോ സ്ഥിരം സമരവേദികളോ ആകട്ടെ, എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും വനിതകൾ നേതൃത്വം നൽകും. ഇത് അവരുടെ ദിവസമാണ്- സ്വരാജ് ഇന്ത്യ അധ്യക്ഷൻ യോഗേന്ദ്ര യാദവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
സിംഘു, ടിക്രി, ഗാസിപുർ തുടങ്ങിയ പ്രതിഷേധ കേന്ദ്രങ്ങളിലേക്കാണ് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വനിതകൾ എത്തുക. എല്ലാ കാർഷിക സംഘടനകൾക്കും വനിതാ വിഭാഗം ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ അംഗബലമുള്ളത് ഭാരതീയ കിസാൻ യൂണിയ(ഉഗ്രഹൻ)നാണ്. തിങ്കളാഴ്ച അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ച ശേഷം സ്ത്രീകൾ വീടുകളിലേക്ക് മടങ്ങുമെന്നും കർഷക സംഘടനാ നേതാക്കൾ അറിയിച്ചു

