ഇന്ധനവിലക്കയറ്റം ഉയര്‍ത്തി ബഹളം; രാജ്യസഭ നിര്‍ത്തിവെച്ചു

ന്യൂഡൽഹി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയെച്ചൊല്ലി പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതിനേത്തുടർന്ന് രാജ്യസഭ ഒരു മണിക്കൂർ നേരത്തേയ്ക്ക് നിർത്തിവെച്ചു. ഇന്ധന വിലക്കയറ്റം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നൽകിയ നോട്ടീസ് അധ്യക്ഷൻ അനുവദിച്ചില്ല. ധനാഭ്യർത്ഥനാ ചർച്ചയ്ക്കൊപ്പം ഈ വിഷയവും ചർച്ച ചെയ്യാമെന്നാണ് അധ്യക്ഷൻ എം. വെങ്കയ്യ നായിഡു അറിയിച്ചത്. ഇതിൽ തൃപ്തിയാവാതെ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെയാണ് സഭ രാവിലെ 11 മണിവരെ നിർത്തിവെച്ചത്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയ്ക്ക് വിലകുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില വർധിക്കുകയാണെന്ന് ഖാർഗെ പറഞ്ഞു. പെട്രോൾ ലിറ്ററിന് നൂറു രൂപയ്ക്കടുത്തെത്തി. ഡീസലിന് 80 രൂപയിലേറെയായി. എക്സൈസ് ഡ്യൂട്ടിയും സെസ്സും വഴി സർക്കാർ 21 ലക്ഷം കോടി രൂപ സമാഹരിച്ചുകഴിഞ്ഞു. ജനങ്ങളാണ് ഇതുകൊണ്ട് ഏറെ ബുദ്ധിമുട്ടുന്നതെന്നും ഈ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ഖാർഗെ പറഞ്ഞു.
എന്നാൽ, ഇതനുവദിക്കാതെ അധ്യക്ഷൻ ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിച്ചു. തുടർന്ന് സഭ നിർത്തിവെക്കുകയായിരുന്നു.

