പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച റഹിം അസ്‌ലം കസ്റ്റഡിയിൽ; വിദ്യാർഥികളെ ഇന്ന് നാട്ടിലെത്തിക്കും

പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച റഹിം അസ്‌ലമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽനിന്നു മടങ്ങിയ റഹീമിനെ തിരൂരിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ടു പെൺകുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ ഇയാൾ.
വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം ഒപ്പം പോയതെന്നാണ് ഇയാളുടെ കുടുംബാംഗങ്ങൾ പറഞ്ഞത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട്, വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയാണെന്നു പറഞ്ഞപ്പോൾ റഹിം പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്നു പെൺകുട്ടി പറഞ്ഞപ്പോഴാണ് റഹിം കൂടെ പോയതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

