ലീഗ് വേലിചാടും, ഉറപ്പാണ്; കണ്ടല ബാങ്ക് തട്ടിപ്പില്‍ ഒരു മന്ത്രിക്കും പങ്കുണ്ട് – കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പിൽ മുൻ പ്രസിഡൻ്റ് ഭാസുരാംഗന് മാത്രമല്ല ഒരു മന്ത്രിക്കും പങ്കുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുസ്ലിംലീഗ് മറുകണ്ടം ചാടുമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ കെ.സുരേന്ദ്രൻ വ്യക്തമാക്കി. ലീഗ് മതില്‍ ചാടാനിങ്ങനെ മുട്ടിനില്‍ക്കുകയാണ് പക്ഷേ നടക്കുന്നില്ല തത്കാലം. പക്ഷേ ഉടനെ തന്നെ ചാടും അതില്‍ സംശയമൊന്നുമില്ല. കുഞ്ഞാലിക്കുട്ടി ഇങ്ങനെ കളിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ അവര്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് തോന്നുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ലീഗിന് ചാടാതിരിക്കാന്‍ പറ്റില്ല. കാരണം വന്‍ഭൂരിപക്ഷത്തോട് കൂടി നരേന്ദ്രമോദി സര്‍ക്കാര്‍ വരും. അതുകഴിയുമ്പോഴേക്കും ലീഗ് ചാടും. എഴുതിവെച്ചോളൂ. ലീഗ് വേലി ചാടുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല.-അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് പണം ലഭിച്ചിട്ടുണ്ടെന്നുള്ളത് ഉറപ്പാണ്. സി.പി.ഐ.യുടെ ഒരു ഉന്നത നേതാവിന് മാസം തോറും കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ഒരു പ്രത്യേകം തുക അനുവദിച്ചതായും അറിയാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് ഭാസുരാംഗന്‍ മാത്രം നടത്തിയിട്ടുള്ള തട്ടിപ്പല്ല. മന്ത്രിസഭാംഗങ്ങളും സി.പി.ഐ.യുടെ ഉന്നതനേതാക്കന്മാരുമൊക്കെ അറിഞ്ഞു കൊണ്ടു നടത്തിയ തട്ടിപ്പാണ്. ഭാസുരാംഗനെതിരെ നടപടി എടുത്തു കൊണ്ട് കണ്ണില്‍ പൊടിയിടാമെന്നാണ് ഭരണകക്ഷി വിചാരിക്കുന്നതെങ്കില്‍ അത് നടക്കില്ല- കെ. സുരേന്ദ്രൻ പറഞ്ഞു.

