അനസ്തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസുകാരന് മസ്തിഷ്കാഘാതം; ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവെന്ന് ആരോപണം,

കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുകാരന് മസ്തിഷ്കാഘാതം സംഭവിച്ചതായി പരാതി. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുഞ്ഞിന്റെ മുറിവ് തുന്നിക്കെട്ടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെയാണ് ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ജൂലായ് അഞ്ചാം തീയതിയാണ് സംഭവം നടന്നത്. വീഴ്ചയിൽ ചുണ്ടിനും താടിക്കുമായി ഉണ്ടായ ചെറിയ മുറിവ് തുന്നിക്കെട്ടുന്നതിനായാണ് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചത്. വൈകുന്നേരത്തോടെ അനസ്തേഷ്യ ഡോക്ടറെത്തി വാർഡിൽ വെച്ച് മാതാവിന്റെ മടിയിലിരുന്ന കുഞ്ഞിന് ഇഞ്ചക്ഷൻ നൽകുകയായിരുന്നു. ഇഞ്ചക്ഷൻ നൽകിയ ഉടൻ തന്നെ കുട്ടി ബോധരഹിതനാവുകയും കണ്ണ് മുകളിലേക്ക് മറിയുകയും ചെയ്തു.
ആരോഗ്യനില വഷളായതിനെ തുടർന്ന് കുഞ്ഞിനെ അടിയന്തരമായി കണ്ണൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞിന്റെ അവസ്ഥയിൽ മാറ്റമില്ലെന്നും കുട്ടിക്ക് മസ്തിഷ്കാഘാതം സംഭവിച്ചതായും ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. യാതൊരു വിധത്തിലുള്ള മുൻകരുതലുകളോ ശാസ്ത്രീയ പരിശോധനകളോ കുഞ്ഞിന്റെ ആരോഗ്യ ചരിത്രമോ നോക്കാതെയാണ് അനസ്തേഷ്യ നൽകിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം.
നിലവിൽ ചികിത്സാപ്പിഴവ് എന്ന ആരോപണം ആശുപത്രി അധികൃതർ പ്രാഥമികമായി നിഷേധിക്കുന്നുണ്ടെങ്കിലും കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിച്ചു കൂടുതൽ വിശദീകരണങ്ങൾ പിന്നീട് നൽകാമെന്നാണ് അവരുടെ നിലപാട്. കുഞ്ഞിന്റെ കുടുംബം നീതി തേടി പോലീസിനെ സമീപിച്ചിരിക്കുകയാണ്.

