KSDLIVENEWS

Real news for everyone

നടിയെ ആക്രമിച്ച കേസ്: സംവിധായകന്റെ മൊഴി വിശദമായി പരിശോധിക്കണം, ദിലീപിന്റെ ഹര്‍ജി ചൊവ്വാഴ്‌ച്ചത്തേയ്‌ക്ക് മാറ്റി

SHARE THIS ON

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ് പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേയ്‌ക്ക് മാറ്റി. ബാലചന്ദ്രകുമാറിന്റെ മൊഴി വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്‌ച്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. കോടതിയുടെ നിര്‍ദ്ദേശം പോലീസ് അംഗീകരിക്കുകയും ചെയ്തു.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്തതിലുള്ള വിരോധത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരായ കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 116, 118സ 120 ബി, 506, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ വധഭീഷണി കള്ളക്കഥയാണെന്നും വിചാരണയില്‍ നിന്നും രക്ഷപ്പെടാനുള്ള സാക്ഷിയും അന്വേഷണ ഉദ്യോഗസ്ഥനുമായ ബൈജു പൗലോസിന്റെ നീക്കമാണിതെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു.

അതേസമയം വിചാരണ കോടതിയില്‍ പുതിയൊരു ഹര്‍ജി കൂടി ദിലീപ് ഫയല്‍ ചെയ്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈയ്യിലുണ്ടെന്നാണ് ദിലീപ് അറിയിച്ചത്. ഈ ദൃശ്യങ്ങള്‍ കോടതിയ്‌ക്ക് കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി ദിലീപിന്റെ സഹോദരന്‍ അനൂപുമാണ്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജാണ് മൂന്നാം പ്രതി. നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാം പ്രതി കണ്ടാല്‍ അറിയാവുന്ന ആള്‍ എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ പരാതിയിലാണ് എഫ്‌ഐആര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!