KSDLIVENEWS

Real news for everyone

ഇടഞ്ഞു നില്‍ക്കുന്ന ഗവർണറെ രാഷ്ട്രീയമായി നേരിടാൻ എൽ.ഡി.എഫ്.

SHARE THIS ON

തിരുവനന്തപുരം:ഗവർണർ-സർക്കാർ തർക്കം മഞ്ഞുരുകാതെ നിൽക്കുന്നതിനിടയിൽ, ഗവർണർക്കെതിരേ പ്രത്യക്ഷ വിമർശനുമായി ഇടതുനേതാക്കൾ. ഗവർണറുടെ ഉദ്ദേശ്യശുദ്ധിയെ സംശയനിഴലിൽ നിർത്തുന്നതാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും പ്രതികരണം. സർവകലാശാലകളിലെ നിയമനങ്ങളിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്ന ഗവർണറുടെ ആരോപണത്തെ രാഷ്ട്രീയമായിത്തന്നെ പ്രതിരോധിക്കാനുള്ള ശ്രമമാണ് എൽ.ഡി.എഫ്. നടത്തുന്നത്.

കാലടി, കണ്ണൂർ വി.സി.മാരുടെ നിയമനം സംബന്ധിച്ചാണ് ഗവർണർ ഉന്നയിച്ച പ്രധാന തർക്കം. കാലടിയിൽ പാനൽ നൽകുന്നതിനു പകരം ഒറ്റപ്പേരുമാത്രം ഗവർണർക്കു നൽകിയതാണ് ആക്ഷേപത്തിന് ഇടയാക്കിയത്. ഇതിൽ തിരുത്തലുണ്ടാകും. നിയമനത്തിന് പാനൽ തയ്യാറാക്കി നൽകിയേക്കും.


കണ്ണൂർ വി.സി.യുടെ നിയമനം കഴിഞ്ഞതാണ്. യു.ജി.സി. മാനദണ്ഡം പാലിക്കാതെയാണ് ഈ നിയമനമെന്നാണ് ഹൈക്കോടതിയിലെ കേസ്. ഇത് ശരിവെക്കുന്നതാണ് ഗവർണറുടെ ഇപ്പോഴത്തെ നിലപാട്. കേസിൽ ഗവർണറാണ് എതിർകക്ഷി. സമ്മർദത്താലാണ് നിയമനം അംഗീകരിച്ചതെന്ന ഗവർണറുടെ വാദം അദ്ദേഹത്തിനുതന്നെ എതിരാകുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ.

കണ്ണൂർ വി.സി. ഗോപിനാഥ് രവീന്ദ്രൻ പദവിയൊഴിഞ്ഞാൽ ഗവർണറും നിലപാട് മയപ്പെടുത്താൻ സാധ്യതയുണ്ട്. പദവി ഒഴിയാൻ തയ്യാറാണെന്ന് ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചതായാണ് സൂചന. പക്ഷേ, ഇതിൽ ഇപ്പോൾ തിരുത്തലുണ്ടായാൽ അത് സർക്കാരിന് ക്ഷീണമാകുമെന്നും ഗവർണറുടെ വാദം ശരിവെക്കുന്നതിനു തുല്യമാകുമെന്നുമാണ് സി.പി.എം. വിലയിരുത്തൽ. അതിനാൽ കേസിന്റെ ഗതിനോക്കി തീരുമാനമാകാമെന്ന നിലപാടിലാണ് സർക്കാർ.


ഗവർണർ നടത്തിയ നിയമനത്തെ കോടതിയിൽ അദ്ദേഹത്തിന് തള്ളിപ്പറയാനാകില്ലെന്നാണ് സർക്കാർ കണക്കാക്കുന്നത്. പരസ്യമായി തള്ളിപ്പറഞ്ഞ ശേഷം കോടതിയിൽ നിയമനം അംഗീകരിക്കുന്ന നിലപാട് ഗവർണർക്ക് സ്വീകരിക്കാനും പ്രയാസമാകും.

നേരത്തേ ഗവർണർ ഉയർത്തിയ എല്ലാ വിയോജിപ്പുകളും രാഷ്ട്രീയമായി നേരിടാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. അതിനാലാണ് ഈ വിഷയത്തിലും അതേ രീതിതന്നെ നേതാക്കൾ സ്വീകരിച്ചത്. വീണുകിട്ടിയ അവസരം പ്രതിപക്ഷം ആയുധമാക്കാതിരിക്കാനുള്ള കരുതലും എൽ.ഡി.എഫ്. നടത്തുന്നുണ്ട്. ചാൻസലർ പദവി ഗവർണറിൽനിന്ന് മാറ്റാവുന്നതാണെന്ന നിർദേശമടങ്ങിയ യു.ഡി.എഫ്. കാലത്തെ രേഖ പുറത്തുവിട്ടത് ഇതിന്റെ ഭാഗമാണ്.

ഇടഞ്ഞുനിൽക്കുന്ന ഗവർണർ ചാൻസലർ എന്നനിലയിൽ ഒരു ജോലിയും ഇപ്പോൾ നിർവഹിക്കുന്നില്ല. സർവകലാശാലകളിൽനിന്നുള്ള ഒട്ടേറെ ഫയലുകൾ ഗവർണറുടെ ഓഫീസിലുണ്ട ഇതെല്ലാം മുഖ്യമന്ത്രിക്കു കൈമാറാനാണ് ഗവർണറുടെ നിർദേശം. ഇതുവരെ ഒരു ഫയലും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!