തീവ്രവാദ ബന്ധം എഴുതി ചേര്‍ത്തത്; ലക്ഷ്യമിട്ടത് നീണ്ടകാല റിമാന്‍ഡ്, കുടുങ്ങിയത് പോലീസ്

ആലുവ: മൊഫിയയുടെ ആത്മഹത്യയിൽ സി.ഐ.ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ആരോപിച്ച് സമരം ചെയ്തതിന് അറസ്റ്റിലായ മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കും തിങ്കളാഴ്ച ആലുവ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച ഇവർക്ക് താത്കാലിക ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായവരെ നീണ്ടകാലം റിമാൻഡ് ചെയ്യുകയെന്ന ലക്ഷ്യത്തോടെ പോലീസ് നടത്തിയ നീക്കം അവർക്കുതന്നെ വിനയായി. റിമാൻഡ് റിപ്പോർട്ടിൽ പ്രതികൾക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നതായിട്ടാണ് പോലീസ് എഴുതി ചേർത്തത്. പ്രതികളെ നീണ്ട റിമാൻഡിൽ വിടുകയെന്ന ഗൂഢ ഉദ്ദേശ്യമാണ് ഇതിനു പിന്നിലുണ്ടായിരുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
കോൺഗ്രസ് ജനപ്രതിനിധികൾ തുടർച്ചയായി 50 മണിക്കൂർ പോലീസ് സ്റ്റേഷൻ ഉപരോധം നടത്തിയ ശേഷമാണ് മൊഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ടായിരുന്ന സി.ഐ. സി.എൽ. സുധീറിനെ സസ്പെൻഡ് ചെയ്തത്. ഇതോടെ ആലുവ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് സമരക്കാരോട് തീരാത്ത പകയുണ്ടായെന്നാണ് ആരോപണം.
സമരക്കാരെ എങ്ങനെയെങ്കിലും ജയിലിൽ കിടത്തുകയെന്ന ലക്ഷ്യത്തോടെ ജാമ്യം ലഭിക്കാത്ത മൂന്ന് കേസുകളും ജാമ്യം ലഭിക്കുന്ന ഏഴ് കുറ്റങ്ങളുമാണ് സമരക്കാർക്കെതിരേ ചുമത്തിയിരുന്നത്.
ഡി.ഐ.ജി.യുടെ ഔദ്യോഗിക വാഹനം തടഞ്ഞതിനും ഫ്ലാഗ് പോസ്റ്റ് കേടുവരുത്തിയതിനും ജലപീരങ്കിക്ക് കേടുവരുത്തിയതിനും പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അവരെ പരിക്കേൽപ്പിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നത്.
ഇതിൽ ജലപീരങ്കിക്ക് കേടുപാടുകൾ വരുത്തിയ കേസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് അറസ്റ്റിലായവർക്ക് തീവ്രവാദ ബന്ധം ആരോപിച്ചത്.
മൂന്നുപേർക്കെതിരേയും മൂന്ന് കുറ്റകൃത്യങ്ങൾ ഒരേ പോലെ ചുമത്തിയിട്ടും ഒന്നിൽ മാത്രം തീവ്രവാദ ബന്ധം ആരോപിച്ചത് റിമാൻഡ് ചെയ്യിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ആരോപണമുയർന്നു.
സംഭവത്തിൽ എസ്.ഐ. ആർ. വിനോദിനെയും ഗ്രേഡ് എസ്.ഐ. രാജേഷിനെയും കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തു. വാഹനം നശിപ്പിച്ച കേസുകൾ ഉള്ളതിനാൽ കോടതിയിൽ കെട്ടിവെക്കേണ്ട ജാമ്യത്തുകയായ 63,700 രൂപ അൻവർ സാദത്ത് എം.എൽ.എ.യാണ് നൽകിയത്. ഈ തുക കെട്ടി വെച്ചതിനു ശേഷം മൂന്ന് പ്രതികളും തിങ്കളാഴ്ച സ്ഥിരം ജാമ്യം ലഭിച്ച് പുറത്തിറങ്ങി.
റൂറൽ എസ്.പി.യെ വിളിച്ചുവരുത്തി മുഖ്യമന്ത്രി
ആലുവ: മൊഫിയ പർവീണിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ സംഭവങ്ങളിൽ നേരിട്ട് വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച രാവിലെ റൂറൽ എസ്.പി. കെ. കാർത്തിക്കിനെ ആലുവ പാലസ് ഗസ്റ്റ് ഹൗസിലെ മുറിയിലേക്ക്് വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി വിവരങ്ങൾ ആരാഞ്ഞത്. സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായവർക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ച സാഹചര്യവും മുഖ്യമന്ത്രി എസ്.പി.യോട് തിരക്കി.
മൊഫിയ കേസ് ഫയലും അതിനോട് അനുബന്ധിച്ചുണ്ടായ മറ്റ് സംഭവങ്ങളുടെ കേസ് ഫയലുകളുമായി മുഖ്യമന്ത്രിയെ തിങ്കളാഴ്ച വൈകീട്ട് വീണ്ടും റൂറൽ എസ്.പി. കണ്ടു.
അതേസമയം സസ്പെൻഡ് ചെയ്യപ്പെട്ട ആലുവ സി.ഐ. സി.എൽ. സുധീറിനു പകരമെത്തിയ സി.ഐ. മെഡിക്കൽ അവധിയിൽ പ്രവേശിച്ചു.

