കേരളത്തിൽ ഭീതിജനകമായ സാഹചര്യം-ഹൈക്കോടതി; യുവതലമുറയെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത് തൊഴിലില്ലായ്മ

കൊച്ചി: തിരുവനന്തപുരം പോത്തൻകോട്ടെ കൊലപാതകത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യമാണെന്നും യുവതലമുറയെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതിന് കാരണം തൊഴിലില്ലായ്മയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് തിരുവനനന്തപുരം പോത്തൻകോട്ട് നടന്ന കൊലപാതകത്തെക്കുറിച്ച് പരാമർശിച്ചത്. ഇതരസംസ്ഥാനക്കാർക്ക് ഇവിടെ ജോലിയുണ്ടെന്നും എന്നാൽ കേരളത്തിലുള്ളവർക്ക് ജോലിയില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം വാക്കാൽ പറഞ്ഞു.
അതിനിടെ, പോത്തൻകോട് സുധീഷ് വധക്കേസിൽ അഞ്ചുപേരെ കൂടി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. സച്ചിൻ, സൂരജ്, അരുൺ, ജിഷ്ണു, ശ്രീനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. നന്ദീഷ്, നിധീഷ്, രഞ്ജിത്ത് എന്നീ പ്രതികളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
ആകെ 11 പേരാണ് കൊലക്കേസിൽ പ്രതികളായിട്ടുള്ളതെന്ന് ഡി.ഐ.ജി. സഞ്ജയ് കുമാർ ഗരുഡിൻ മാധ്യമങ്ങളോട് പറഞ്ഞു. ഇവരെല്ലാം നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരാണ്. ഇതിൽ എട്ടുപേരെ അറസ്റ്റ് ചെയ്തു. ബാക്കി മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പ്രതികളുടെ ലഹരിമാഫിയ ബന്ധങ്ങളടക്കം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, സുധീഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ ഒട്ടകം രാജേഷ്, സുധീഷ് ഉണ്ണി, ശ്യാംകുമാർ എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാൻ പോലീസ് ഊർജിതമായ തിരച്ചിലാണ് നടത്തുന്നത്.

