KSDLIVENEWS

Real news for everyone

ബേപ്പൂരില്‍ നിന്ന് പോയ ബോട്ട് മംഗലാപുരം തീരത്ത് കണ്ടെത്തി; എല്ലാവരും സുരക്ഷിതര്‍

SHARE THIS ON

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മീൻപിടിക്കാൻ പോയി കനത്ത കടൽക്ഷോഭത്തിൽ കാണാതായ അജ്മീർ ഷാ എന്ന ബോട്ട് കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. മംഗലാപുരം തീരത്ത് ബോട്ട് കണ്ടെത്തിയെന്നാണ് ലഭിക്കുന്ന വിവരം. കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ട് നിയുക്ത ബേപ്പൂർ എംഎൽഎ പി.എ. മുഹമ്മദ് റിയാസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ബോട്ട് ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കയാണെന്നും എല്ലാവരും സുരക്ഷിതരാണെന്നം മുഹമ്മദ് റിയാസ് അറിയിച്ചു. കാലാവസ്ഥ അനുകൂലമായാൽ കരപറ്റും എന്നാണ് സംസ്ഥാന തീരദേശ പോലീസ് മേധാവി ഐജി പി.വിജയൻ വിളിച്ചറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മേയ് അഞ്ചിനാണ് അജ്മീർ ഷാ എന്ന ബോട്ട് മീൻ പിടുത്തതിനായി ബേപ്പൂരിൽ നിന്ന് പോയത്. 15 തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ചുഴലിക്കാറ്റിന് മുൻപേ തന്നെ ഇതിലെ തൊഴിലാളികളുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ബോട്ടിലുള്ളവരെ അറിയിക്കാനും സാധിച്ചിരുന്നില്ല.

അഞ്ചാം തീയതി ബേപ്പൂരിൽനിന്ന് പോയ മിലാദ് – 03 എന്ന ബോട്ടിനെക്കുറിച്ചും വിവരമില്ലായിരുന്നു. എന്നാൽ ഇത് പിന്നീട് ഗോവൻ തീരത്ത് കണ്ടെത്തിയിരുന്നു. കരയിലേക്ക് എത്തിക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. മിലാദ് – 03 എന്ന ബോട്ടും കാലാവസ്ഥ അനുകൂലമായാൽ വൈകാതെ കരയിലെത്തുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.

ഇതിടയിൽ കൊച്ചി വൈപ്പിൻ തീരത്ത് നിന്ന് പോയ ആണ്ടവൻ തുണ എന്ന ബോട്ടിലെ തൊഴിലാളികൾ തിരിച്ചെത്തി. ബോട്ടിലുള്ള എട്ട് പേരാണ് കടമത്ത് ദ്വീപിലേക്ക് തിരിച്ചെത്തിയത്. വലിയ കാറ്റുണ്ടായിരുന്നതിനാൽ ബോട്ട് ഉപേക്ഷിച്ച് മത്സ്യത്തൊഴിലാളികൾ എത്തുകയായിരുന്നു. എന്നാൽ ബോട്ടിലുണ്ടായിരുന്ന ഒരാളെക്കുറിച്ച് വിവരമില്ല. മെയ് ഒന്നിനാണ് ലക്ഷദ്വീപിലേക്ക് വൈപ്പിൻ തീരത്ത് നിന്ന് ബോട്ട് പോയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!