സജീവമായി ലൈഫ് മിഷൻ കേസ്; സരിത്ത് ഇന്ന് വിജിലൻസിന് മുന്നിൽ ഹാജരാകില്ല

ലൈഫ് മിഷൻ കേസ് അന്വേഷണത്തിനായി പി.എസ് സരിത്ത് ഇന്ന് വിജിലൻസിന് മുന്നിൽ ഹാജരാകില്ല. തിരുവനന്തപുരം യൂണിറ്റിൽ എത്താൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാല്‍ ഹാജരാകാനാകില്ലെന്ന് വ്യക്തമാക്കി വിജിലൻസിന് മെയിൽ അയച്ചു. മാസങ്ങളായി നിലച്ച് കിടന്നിരുന്ന കേസിന്റെ അന്വേഷണം മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് തുടങ്ങിയത്. സരിത്തിനെ ബലമായി കൂട്ടിക്കൊണ്ട് പോയി മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും ഇന്ന് തിരുവനന്തപുരം ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകുകയുമായിരുന്നു.
അതേസമയം കേന്ദ്രസേനയുടെ സുരക്ഷതേടി സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയും കുടുംബവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും, കോടതിയില്‍ നല്കിയ രഹസ്യമൊഴി തള്ളിപ്പറയാന്‍ ഭീഷണിപ്പെടുത്തി എന്നുമാണ് ആരോപണം. എ.ഡി.ജി.പി, എം.ആര്.അജിത്കുമാര്‍ ഏജന്റിനെപ്പോലയാണ് പെരുമാറിയത്. താമസസ്ഥലത്തടക്കം പൊലീസ് പിന്തുടര്ന്ന് നിരീക്ഷിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന പൊലീസിനെ വിശ്വാസമില്ലാത്തതു കൊണ്ട് കേന്ദ്രസേനയുടെ സുരക്ഷ വേണമെന്നാണ് ആവശ്യം. എന്നാല്‍ കേന്ദ്രസുരക്ഷ ഒരുക്കുന്നതിന് സാങ്കേതികമായ തടസങ്ങളുണ്ടെന്നാണ് ഇ.ഡിയുടെ വാദം.

