ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടെ യുഎസിൽ പലസ്തീൻ ബാലനെ കുത്തിക്കൊന്നു; വീട്ടുടമ പിടിയിൽ

വാഷിങ്ടണ്‍: ഇസ്രയേല്‍-ഹമാസ് യുദ്ധം മറ്റു മേഖലകളിലേക്കും വ്യാപിച്ചേക്കുമെന്ന കടുത്ത ആശങ്കകളുയരുന്നതിനിടെ യു.എസില്‍ പലസ്തീന്‍ വംശജരുടെ മകന്‍ കുത്തേറ്റ് മരിച്ചു. ആറുവയസ്സുകാരനായ വാദിഅ അല്‍ ഫായൂമാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവ് ഹനാന്‍ ഷാഹിനും ഗുരുതരമായി പരിക്കേറ്റു. യു.എസ്. സംസ്ഥാനമായ ഇല്ലിനോയിയിലെ പ്ലെയ്ന്‍ഫീല്‍ഡിലാണ് സംഭവം. കുടുംബം താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ 71-കാരനായ ജോസഫ് ചൂബ എന്നയാളാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബത്തോട് തോന്നിയ വിദ്വേഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഇവരുടെ വീട്ടിലെത്തിയ ഇയാള്‍ കൈയില്‍ കരുതിയ കത്തി കൊണ്ട് ഇരുവരേയും അക്രമിക്കുകയായിരുന്നു. വിവരം കുട്ടിയുടെ അമ്മയാണ് പോലീസിനെ അറിയിച്ചത്. Pause പോലീസെത്തിയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. പക്ഷേ ആറു വയസ്സുകാരന്‍ ആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരണപ്പെടുകയായിരുന്നു. 26 തവണയാണ് കുട്ടിക്ക് കുത്തേറ്റത്. നെഞ്ചിലും കൈകളിലുമാണ് ഇരുവരുടേയും മുറിവുകള്‍. ഗുരുതരമായി പരിക്കേറ്റ മാതാവ് ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. കൊലയാളിയായ ജോസഫ് ചൂബയെ വീടിനു സമീപം തന്നെ പോലീസ് കണ്ടെത്തുകയായിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫയൂമിന്റെ കുടുംബം വെസ്റ്റ്ബാങ്കില്‍ നിന്ന് യു.എസിലെത്തിയത്. ജോസഫിനെതിരെ കൊലകുറ്റത്തിനും മതവിദ്വേഷത്തിനും കേസെടുത്തിട്ടുണ്ട്. അക്രമത്തെ അപലപിച്ച യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ യാതൊരു തരത്തിലുമുള്ള വിദ്വേഷത്തിനും അമേരിക്കയില്‍ സ്ഥാനമില്ലെന്ന് വ്യക്തമാക്കി. വിശ്വാസങ്ങള്‍ക്കും മതത്തിനും അതീതമായി ഏതൊരാള്‍ക്കും ഭയം കൂടാതെ ജീവിക്കാനാകുന്ന സ്ഥലമാണ് അമേരിക്കയെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു. എല്ലാ തരത്തിലുള്ള മതഭ്രാന്തിനും വിദ്വേഷപ്രചരണത്തിനും മുസ്ലീം വിരുദ്ധതയ്ക്കുമെതിരെ ഒന്നിച്ചു നില്‍ക്കണമെന്നും ബൈഡന്‍ വ്യക്തമാക്കി.”

