KSDLIVENEWS

Real news for everyone

വിഴിഞ്ഞത്ത്‌ 320 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഫ്‌ളാറ്റിലേക്ക്‌

SHARE THIS ON

കോവളം > വിഴിഞ്ഞത്തെ 320 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഇനി ഫ്‌ളാറ്റിന്റെ തണലില്‍. മതിപ്പുറം പട്ടാണിക്കോളനിയില്‍ നാലുനില ഫ്‌ളാറ്റ്‌ സമുച്ചയമാണ്‌ തിരുവനന്തപുരം കോര്‍പറേഷന്‍ യാഥാര്‍ഥ്യമാക്കിയത്‌. താക്കോല്‍ രണ്ടാഴ്ചയ്ക്കകം കൈമാറും. തീയതി ഉടന്‍ തീരുമാനിക്കും. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണ സമിതിയുടെ ഒന്നാം വാര്‍ഷിക സമ്മാനമാകും താക്കോല്‍ ദാനം.

രാജീവ് ആവാസ് യോജന (റേ) പദ്ധതിയുടെ ഭാഗമായാണ് 320 ഫ്‌ളാറ്റ്‌ നിര്‍മിച്ചത്‌. പദ്ധതി തുകയുടെ 50 ശതമാനം സംസ്ഥാന സര്‍ക്കാരാണ്‌. 40 ശതമാനം കേന്ദ്രവും. പത്ത്‌ ശതമാനം കോര്‍പറേഷനും ലഭ്യമാക്കി. 1032 ഫ്‌ളാറ്റാണ്‌ പദ്ധതിയിലുള്ളത്. മൂന്നുഘട്ടമായാണ് പദ്ധതി പൂര്‍ത്തിയാക്കുക. ഒന്നാംഘട്ടത്തില്‍ 220 പേര്‍ക്ക് ഫ്‌ളാറ്റ് നല്‍കി.

ഫ്‌ളാറ്റിനായി 54,000 രുപ ഗുണഭോക്‌തൃ വിഹിതം നല്‍കണമായിരുന്നു. ഈ തുക കണ്ടെത്താന്‍ ചില മത്സ്യത്തൊഴിലാളികള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. മേയറുടെ നേതൃത്വത്തില്‍ കൂടിയ പ്രത്യേക യോഗത്തില്‍ കുടുംബശ്രീയില്‍നിന്ന് വായ്‌പയെടുത്ത് സൗകര്യമൊരുക്കി. പ്രതിമാസം 2000 രൂപവച്ച്‌ തിരിച്ചടച്ചാല്‍മതി. ഗുണഭോക്താക്കള്‍ ഇത് അംഗീകരിച്ചു. ഒരു മുറിയും അടുക്കളയും ഹാളും ശുചിമുറിയും അടങ്ങുന്നതാണ് ഒരു ഫ്ലാറ്റ്. വൈദ്യുതി, വെള്ളം കണക്ഷന്‍ കോര്‍പറേഷന്‍ സൗജന്യമായി നല്‍കും. മുഴുവന്‍ പണിയും പൂര്‍ത്തിയാക്കിയാണ് ഫ്ലാറ്റ് കൈമാറുന്നത്. സ്ഥല സൗകര്യം ലഭ്യമാകുന്ന മുറയ്ക്ക് ഹെല്‍ത്ത് സെന്റര്‍, അങ്കണവാടി, കളിസ്ഥലം എന്നിവയും ഒരുക്കും.

അവകാശികളായ കുടുംബങ്ങളില്‍ ഒരു വിഭാഗം വിഴിഞ്ഞം ഹാര്‍ബര്‍ റോഡിലെ വലിയപറമ്ബ് മരുന്ന്തോട്ടം വളപ്പിലെ താല്‍ക്കാലിക ഷെഡ്ഡില്‍ താമസിക്കുകയാണ്. ബാക്കിയുള്ളവര്‍ വാടക വീട്ടിലും ബന്ധുവീടുകളിലും. ഫ്‌ളാറ്റ്‌ സ്വന്തമാകുന്നതിന്റെ ആഹ്ലാദത്തിലാണിവര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!