KSDLIVENEWS

Real news for everyone

ബാലശങ്കറിന്റെ ആരോപണം: ശ്രദ്ധാകേന്ദ്രമായി ചെങ്ങന്നൂർ

SHARE THIS ON

ചെങ്ങന്നൂർ:ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ ബി.ജെ.പി. ദേശീയ പരിശീലനവിഭാഗം കോ-കൺവീനർ ആർ. ബാലശങ്കറിന്റെ ആരോപണത്തെത്തുടർന്ന് ചെങ്ങന്നൂർ നിയോജകമണ്ഡലം ദേശീയശ്രദ്ധയാകർഷിക്കുന്നു. സുരേന്ദ്രനും സി.പി.എമ്മും തമ്മിലുള്ള ധാരണയുടെ ഭാഗമായിട്ടാണ് ചെങ്ങന്നൂരിൽ തനിക്കു സീറ്റ് നിഷേധിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ദീർഘകാലമായി ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ബാലശങ്കർ ജനുവരിമുതൽ ചെങ്ങന്നൂരിൽ സജീവമായിരുന്നു. വീടുകൾ കയറിയിറങ്ങി വോട്ടഭ്യർഥിച്ചും പഴയകാല പ്രവർത്തകരെ കണ്ടും താനാണ് സ്ഥാനാർഥിയെന്നു പറയുകയും ചെയ്തു. നരേന്ദ്രമോദിയും അമിത്ഷായും നിർദേശിച്ചതനുസരിച്ചാണ് ചെങ്ങന്നൂരിൽ മത്സരിക്കാൻ വന്നതെന്ന് അവകാശപ്പെട്ടിരുന്നു.

ദേശീയനേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്നാണ് ബാലശങ്കർ വന്നതെന്ന് പത്രമാധ്യമങ്ങളിൽ വാർത്തവരുകയും ചെയ്തിരുന്നു. ഇതോടൊപ്പം സ്ഥാനാർഥിയാകുന്നവരുടെ കൂട്ടത്തിൽ ബി.ജെ.പി. ജില്ലാ അധ്യക്ഷൻ എം.വി. ഗോപകുമാറിന്റെ പേരും കേട്ടിരുന്നു. പക്ഷേ, ബാലശങ്കർ സ്ഥാനാർഥിയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചപ്പോഴാണ് ദേശീയതലത്തിൽ ഗോപകുമാറിന്റെ പേരു പ്രഖ്യാപിച്ചത്. മുൻപ് പി.എസ്. ശ്രീധരൻപിള്ളയുടെ മത്സരംകൊണ്ട് ചെങ്ങന്നൂർ സംസ്ഥാനത്തെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായി മാറിയിരുന്നു. 2016-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 42,682 വോട്ടാണ് അദ്ദേഹം നേടിയത്. ഇത് ബി.ജെ.പി.ക്ക് ചെങ്ങന്നൂരിൽ കിട്ടിയ എക്കാലത്തെയും വലിയ വോട്ടുവിഹിതമായിരുന്നു. ഇതിനുമുൻപ് 2001-ൽ എം.ടി. രമേശ് 12,000 വോട്ടുകൾ നേടിയതായിരുന്നു മികച്ച നേട്ടം. പക്ഷേ, പിന്നീട് 2006-ൽ മാന്നാർ സതീഷ് മൂവായിരത്തോളം വോട്ടുകളും 2011-ൽ ബി. രാധാകൃഷ്ണമേനോൻ 6,062 വോട്ടുകളുമാണ് നേടിയത്. ഈ സമയങ്ങളിലെല്ലാം എം.വി. ഗോപകുമാറിന്റെ പേരും സ്ഥാനാർഥിയായി പരിഗണിക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. 2014-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും 2016-ൽ 24.49 ശതമാനം വോട്ടുവർധന ബി.ജെ.പി.ക്ക് ഉണ്ടാകുകയും ചെയ്തതോടെയാണ് എ ക്ലാസ് മണ്ഡലമെന്ന പരിഗണന ചെങ്ങന്നൂരിന് ലഭിച്ചത്.

തുടർന്നുള്ള തിരഞ്ഞെടുപ്പുകളിലും 35,000-നുമേൽ വോട്ടുകൾ നേടിയതോടെ പാർട്ടിയുടെ വോട്ടടിത്തറ എതിരാളികളും അഗീകരിച്ചു. ഈ സാഹചര്യത്തിലാണ് ക്രൈസ്തവസഭകളുടെയും എൻ.എസ്.എസ്., എസ്.എൻ.ഡി.പി. അടക്കമുള്ള സമുദായസംഘടനകളുടെയും പിന്തുണ അവകാശപ്പെട്ട് ബാലശങ്കർ എത്തിയത്. തന്റെ കുടുംബാംഗങ്ങളുടെ വോട്ടുകൾതന്നെ പതിനായിരത്തിലധികംവരുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രനെതിരേയും കേന്ദ്രമന്ത്രി വി. മുരളീധരനെതിരേയും ഉന്നയിച്ച ആരോപണം ദേശീയനേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് ബി.ജെ.പി. നിയോജകമണ്ഡലം നേതൃത്വത്തിന്റെ ആവശ്യം. മോദിയുടെയടക്കം പേരു പരാമർശിച്ച് നടത്തിയ ആരോപണം ബാലശങ്കറിനെതിരേ സംസ്ഥാന നേതൃത്വം ആയുധമാക്കിയേക്കും. ബി.ജെ.പി.ക്ക് വലിയ സാധ്യതയുള്ള സമയത്ത് ഉത്തരവാദിത്വമില്ലാതെ മാധ്യമങ്ങൾക്കു മുന്നിൽ ആരോപണം ഉന്നയിച്ചുവെന്ന വികാരത്തിലാണ് ചെങ്ങന്നൂരിലെ പ്രവർത്തകരും നേതാക്കളും.

മറുപടിപറയാൻ ഞാൻ ആളല്ല

ആർ. ബാലശങ്കർ വലിയ മനുഷ്യനാണ്. ദേശീയ നേതാവുമാണ്. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ ഞാൻ ആളല്ല. നേതൃത്വം പറഞ്ഞതുകൊണ്ടാണ് മത്സരിക്കുന്നത്.-എം.വി. ഗോപകുമാർ, ചെങ്ങന്നൂരിലെ എൻ.ഡി.എ.സ്ഥാനാർഥി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!