KSDLIVENEWS

Real news for everyone

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയത് മകന്റെ കേസിന്റെ പേരിലല്ലെന്ന് യെച്ചൂരി

SHARE THIS ON

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018ലുണ്ടായ സംഭവവികാസങ്ങളില്‍ കടകംപളളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണ്. ഭരണഘടന പറയുന്ന തുല്യതയാണ് പാര്‍ട്ടി നയമെന്നും യെച്ചൂരി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മകന്റെ കേസിന്റെ പേരിലല്ല കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നത്. കോടിയേരിയുടെ മടങ്ങിവരവ് ആരോഗ്യനില അനുസരിച്ച്‌ തീരുമാനിക്കും. കേരളഘടകം വിഭാഗീയതയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ പിണറായി തന്നെ മുഖ്യമന്ത്രിയാകും.വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഭാവിയില്‍ നടപടിയുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.

കുറ്റ്യാടിയില്‍ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചാണ്. പ്രകടനത്തിന് ശേഷം പാര്‍ട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ലെന്നും പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില്‍ തെറ്റില്ലെന്നും യെച്ചൂരി പറഞ്ഞു. തോമസ് ഐസക്കിന് ഉള്‍പ്പടെ സീറ്റ് നല്‍കാത്ത വിഷയത്തില്‍ പാര്‍ട്ടി പരിശോധന നടത്തേണ്ടതില്ല. രാജ്യസഭയില്‍ നിന്ന് താന്‍ മാറിയത് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. നേതാക്കള്‍ക്ക് രണ്ടുടേം വ്യവസ്ഥ നിര്‍ബന്ധമാക്കിയതില്‍ തെറ്റില്ലെന്നും യെച്ചൂരി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!