സച്ചിന് വാസെയുടെ ആഡംബര കാര്‍ പിടിച്ചെടുത്തു; കാറിനുള്ളില്‍ 5 ലക്ഷം രൂപയും നോട്ടെണ്ണല്‍ യന്ത്രവും

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ എൻ.ഐ.എയ്ക്ക് നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്. അറസ്റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ ഉപയോഗിച്ചിരുന്നതായി കരുതുന്ന ആഡംബര ബെൻസ് കാർ എൻ.ഐ.എ. പിടിച്ചെടുത്തു. ഈ കാറിൽനിന്ന് അഞ്ച് ലക്ഷം രൂപയും നോട്ടെണ്ണൽ യന്ത്രവും എസ്.യു.വിയുടെ നമ്പർപ്ലേറ്റും ചില വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ എൻ.ഐ.എ. സംഘം വിശദമായ അന്വേഷണം തുടരുകയാണ്.
ആഡംബര കാർ സച്ചിൻ വാസെ ഉപയോഗിച്ചിരുന്നതായും കാറിൽനിന്ന് പണവും മറ്റും പിടിച്ചെടുത്തതായും എൻ.ഐ.എ. ഉദ്യോഗസ്ഥനായ അനിൽ ശുക്ല മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കാറിന്റെ ഉടമസ്ഥതയെ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാറിൽനിന്ന് കണ്ടെടുത്ത വസ്ത്രങ്ങളിൽ ഒരു ഷർട്ടും ഉണ്ടായിരുന്നു. ഇതോടൊപ്പം മണ്ണെണ്ണ കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടക വസ്തുക്കളടങ്ങിയ എസ്.യു.വി. വാഹനം ഉപേക്ഷിച്ചയാൾ ഇതേ ഷർട്ടും പിപിഇ കിറ്റും ധരിച്ചാണ് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. അതിനാൽ സച്ചിൻ വാസെ തന്നെയാണ് സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചതെന്നാണ് എൻ.ഐ.എ. സംഘത്തിന്റെ നിഗമനം. സംഭവത്തിന് ശേഷം പി.പി.ഇ. കിറ്റ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചിട്ടുണ്ടാകുമെന്നും അന്വേഷണസംഘം കരുതുന്നു.
ഫെബ്രുവരി 25-നാണ് മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കളടങ്ങിയ എസ്.യു.വി. വാഹനം കണ്ടെത്തിയത്. വാഹനത്തിൽ ജെലാറ്റിൻ സ്റ്റിക്കുകളും ഭീഷണി കത്തും ഉണ്ടായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മുംബൈയിലെ ഓട്ടോ പാർട്സ് ഡീലറായ മൻസുഖ് ഹിരണിന്റേതാണ് വാഹനമെന്ന് കണ്ടെത്തി. എന്നാൽ ഫെബ്രുവരി 17-ന് വാഹനം മോഷണം പോയതായി ഇയാൾ പോലീസിൽ പരാതി നൽകിയിരുന്നു. ദിവസങ്ങൾക്ക് ശേഷം, മാർച്ച് അഞ്ചിന് മൻസുഖിനെ മുംബൈയിലെ കടലിടുക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചു.
പിന്നാലെ മൻസൂഖിന്റെ ഭാര്യ മുംബൈ പോലീസ് ഉദ്യോഗസ്ഥനായ സച്ചിൻ വാസെക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തി. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ വാഹനം നാല് മാസത്തോളം സച്ചിൻ വാസെ ഉപയോഗിച്ചിരുന്നതായും ഫെബ്രുവരി അഞ്ചിനാണ് വാഹനം തിരികെ നൽകിയതെന്നുമായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. മൻസുഖിന്റെ മരണത്തിന് പിന്നിൽ സച്ചിൻ വാസെയാണെന്നും ഇവർ ആരോപിച്ചിരുന്നു.
അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ കഴിഞ്ഞയാഴ്ചയാണ് എൻ.ഐ.എ. അന്വേഷണം ഏറ്റെടുത്തത്. ഞായറാഴ്ച പോലീസ് ഉദ്യോഗസ്ഥനായ സച്ചിൻ വാസെയെ എൻ.ഐ.എ. അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. കഴിഞ്ഞദിവസം സച്ചിൻവാസെയുടെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും എൻ.ഐ.എ. പിടിച്ചെടുത്തിരുന്നു. മാത്രമല്ല, താമസിക്കുന്ന അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ സച്ചിൻ വാസെ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നതായും എൻ.ഐ.എ. അന്വേഷണത്തിൽ കണ്ടെത്തി. ഇതിനുപിന്നാലെയാണ് സച്ചിൻ വാസെ ഉപയോഗിച്ചിരുന്ന ആഡംബര കാറും പിടിച്ചെടുത്തിരിക്കുന്നത്.

