സദ്ദാം ഹുസൈനും ഗദ്ദാഫിയും തിരഞ്ഞെടുപ്പ് ജയിച്ചിരുന്നു; മോദിയെ വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇറാഖിലെ ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈനും ലിബിയയിലെ മുഅമ്മര്‍ ഗദ്ദാഫിയും തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ആ വോട്ട് സംരക്ഷിക്കാനുള്ള വ്യവസ്ഥാപിതമായ ചട്ടക്കൂട് അവിടെ ഉണ്ടായിരുന്നില്ലെന്ന് രാഹുല്‍ ഒരു ഓണ്‍ലൈന്‍ സംവാദത്തില്‍ പറഞ്ഞു. ഇന്ത്യ നിലവില്‍ ഒരു ജനാധിപത്യ രാജ്യമല്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നരേന്ദ്ര മോദി അധികാരമേറ്റ 2014 മുതല്‍ ഇന്ത്യയില്‍ ജനാധിപത്യ സ്വാതന്ത്ര്യം ഇല്ലെന്ന സ്വീഡിഷ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയായിരുന്നു രാഹുലിന്റെ പ്രസ്താവന.
ആളുകള്‍ ബൂത്തിലെത്തി വോട്ടിങ് മെഷീനിലെ ഒരു ബട്ടണില്‍ അമര്‍ത്തുന്നതല്ല തിരഞ്ഞെടുപ്പ്. രാജ്യത്തെ അടിസ്ഥാനഘടന കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഭരണവ്യവസ്ഥ ഉറപ്പു വരുത്തുന്നതും നിയമവ്യവസ്ഥിതി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതും പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കുന്നതും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് സ്ഥിതി ഏറെ മോശമാണെന്നു രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
യുഎസ് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്ന എന്‍ജിഒ ആയ ഫ്രീഡം ഹൗസും ഇന്ത്യയുടെ പദവി ‘സ്വതന്ത്രം’ എന്നതില്‍നിന്ന് ‘ഭാഗികമായി സ്വതന്ത്രം’ എന്ന് ആക്കിയിരുന്നു. മോദി അധികാരമേറ്റതിനു ശേഷം രാജ്യത്ത് രാഷ്ട്രീയ അവകാശവും പൗരസ്വാതന്ത്ര്യവും കുറഞ്ഞുവരികയാണെന്നും ഫ്രീഡം ഹൗസ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരെ അതിശക്തമായ വിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. തെറ്റിദ്ധരിപ്പിക്കുന്നതും അസത്യവുമായ റിപ്പോര്‍ട്ടാണിതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യ പ്രക്രിയ കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ഒഴിവാകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടിയിലെ ഒരു പ്രത്യേക ആശയസംഹിത സംരക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ആര്‍ക്കെങ്കിലും അപ്രിയമുണ്ടെന്ന് കരുതി ദൗത്യത്തില്‍നിന്നു പിന്മാറില്ലെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ആഭ്യന്തര ജനാധിപത്യം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. നിരവധി നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവന്നു. എന്റെ പേര് എന്താണെന്നോ എന്റെ മുത്തശ്ശന്‍ ആരായിരുന്നു എന്നതോ ഞാന്‍ കാര്യമാക്കുന്നില്ല. ചില ആശയങ്ങള്‍ക്കു വേണ്ടിയാണ് ശക്തമായി നില കൊള്ളുന്നത്. 1989നു ശേഷം തന്റെ കുടുംബത്തില്‍നിന്ന് ആരും പ്രധാനമന്ത്രി ആയിട്ടില്ല. എന്നിട്ടും കുടുംബവാഴ്ചയാണെന്നാണു പ്രചാരണം- രാഹുല്‍ പറഞ്ഞു.

