KSDLIVENEWS

Real news for everyone

ഗസ്സയിലെ ആശുപത്രികളിലെ ഇന്ധനം തീരുന്നു; ജനറേറ്ററുകള്‍ നിലച്ചാല്‍ വൻ ദുരന്തമെന്ന് യു.എന്‍

SHARE THIS ON

ജനീവ: ഗസ്സയിലെ ആശുപത്രികളിലെ ഇന്ധനം തീരുന്നുവെന്ന് യുഎൻ മുന്നറിയിപ്പ്. ജനറേറ്ററുകള്‍ക്ക് 24 മണിക്കൂര്‍ പോലും പ്രവര്‍ത്തിക്കാനുള്ള ഇന്ധനമില്ല

ജനറേറ്ററുകള്‍ നിലച്ചാല്‍ വൻ ദുരന്തമാണുണ്ടാവുകയെന്നും യുഎൻ മുന്നറിയിപ്പ് നല്‍കി. ഗസ്സയില്‍ ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് പറഞ്ഞ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഗസ്സ പൂര്‍ണമായും അധിനിവേശം നടത്തുകയാണെങ്കില്‍ അത് വൻ അബദ്ധമാകുമെന്ന് പറഞ്ഞു.

ഫലസ്തീൻ പ്രദേശത്ത് ഇസ്രായേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും വാഹനങ്ങള്‍ ഈജിപ്തുമായുള്ള തെക്കൻ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തതിനെത്തുടര്‍ന്ന് ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്നുകള്‍ എന്നിവയുടെ വിതരണം അപകടകരമാംവിധം കുറഞ്ഞുവരികയാണ്. തങ്ങളുടെ ഷെല്‍ട്ടറുകളില്‍ ഇനി വെള്ളം നല്‍കാൻ കഴിയില്ലെന്ന് യുഎൻ മുന്നറിയിപ്പ് നല്‍കി: ‘ഗസ്സയെ കഴുത്തു ഞെരിച്ച്‌ കൊല്ലുന്നു… ഗസ്സയില്‍ ജീവൻ ഇല്ലാതാകുന്നു.’ യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇസ്രായേല്‍ ഉപരോധത്തെ തുടര്‍ന്ന് ഗസ്സയില്‍ ശുദ്ധജലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും കുറഞ്ഞുവരികയാണ്. ഇസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റവും പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ യുഎന്നും മറ്റ് മാനുഷിക ഏജൻസികളും സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ആസന്നമായ ആക്രമണത്തെക്കുറിച്ച്‌ ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ഗസ്സ മുനമ്ബിലെ സ്ഥിതിഗതികള്‍ അതിവേഗം വഷളായതിനാല്‍ ഇരുവശത്തും ആയിരങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യാൻ നിര്‍ബന്ധിതരാവുകയും ചെയ്തു.ഉപാധികളില്ലാതെ ബന്ദികളെ ഉടൻ ഹമാസ് മോചിപ്പിക്കണമെന്നും ഗസ്സയിലെ സാധാരണക്കാര്‍ക്ക് മാനുഷിക സഹായത്തിനായി ഇസ്രായേല്‍ വേഗത്തിലും തടസ്സമില്ലാതെയും പ്രവേശനം നല്‍കണമെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് അഭ്യര്‍ഥിച്ചു. “ഞങ്ങളുടെ നിസ്വാര്‍ഥ ജീവനക്കാര്‍ക്കും

എൻ‌ജി‌ഒ പങ്കാളികള്‍ക്കും സാധനങ്ങള്‍ ഗസയിലേക്കും ഉടനീളവും സുരക്ഷിതമായി എത്തിക്കാൻ കഴിയണം,” ഗുട്ടെറസ് പറഞ്ഞു.

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോള്‍ വ്യോമാക്രമണത്തില്‍ 700 കുട്ടികളെങ്കിലും ഉള്‍പ്പെടെ 2,670 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 9,000-ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും 1,000-ത്തോളം പേര്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിപ്പോകുകയോ കാണാതാവാകുയോ ചെയ്തിട്ടുണ്ടാകാമെന്നാണ് സംശയം. തങ്ങള്‍ പ്രതിസന്ധി ഘട്ടത്തിലാണെന്നും ഗുരുതരമായി രോഗികളെയും പരിക്കേറ്റവരെയും മാറ്റാൻ ശ്രമിക്കുന്നത് ‘വധശിക്ഷയ്ക്ക്’ തുല്യമാണെന്നും ആശുപത്രികള്‍ വ്യക്തമാക്കുന്നു. ഗസ്സയിലേക്ക് സഹായവും മറ്റ് വസ്തുക്കളും എത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഇനിയും നിരവധി പേര്‍ മരിക്കുമെന്ന് മാനുഷിക ഏജൻസികള്‍ മുന്നറിയിപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!