KSDLIVENEWS

Real news for everyone

സിപിഎമ്മിന് പ്രതിസന്ധിയായി ശബരിമല; നിലപാടുമാറ്റം സംശയനിഴലിൽ

SHARE THIS ON

തിരുവന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയില്‍ സിപിഎമ്മിനു ശബരിമല പ്രതിസന്ധി. പാര്‍ട്ടി കേന്ദ്രനേതൃത്വം വിയോജിപ്പ് പരസ്യമാക്കിയതോടെ പ്രശ്നത്തിലെ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടുമാറ്റം സംശയനിഴലിലായി. കോടതിവിധിവന്ന ശേഷം എല്ലാവരുമായും ചര്‍ച്ച ചെയ്യുമെന്ന സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും പ്രതിരോധവും ദുര്‍ബലമായി.

ശബരിമല യുവതീപ്രവേശനവിവാദം അടഞ്ഞ അധ്യായമെന്നാണു സിപിഎം പറഞ്ഞിരുന്നത്. ഐശ്വര്യകേരള യാത്രയുടെ തുടക്കത്തില്‍ കോണ്‍ഗ്രസ് ശബരിമല പ്രശ്നം ശക്തമായി ഉന്നയിച്ചെങ്കിലും സുപ്രീംകോടതി വിധി വന്നശേഷം എല്ലാവരുമായും ചര്‍ച്ചചെയ്തേ തീരുമാനമെടുക്കൂ എന്നുപറഞ്ഞ് സിപിഎം പ്രതിരോധിച്ചു. പിന്നീട് മറ്റു വിഷയങ്ങള്‍ വരുകയും ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കാനാണ് മുന്നണികള്‍ ശ്രമിക്കുന്നതെന്ന് എന്‍എസ്എസ് നിലപാടെടുക്കുകയും ചെയ്തതോടെ പ്രശ്നം തണുത്തു.

സംഭവിച്ച കാര്യങ്ങളില്‍ വിഷമമുണ്ടെന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണത്തോടെയാണ് ശബരിമല വീണ്ടും ചര്‍ച്ചാ വിഷയമായത്. ഇതില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ടായിരുന്നു. കടകംപള്ളിയുടെ വാക്കുകള്‍ കേന്ദ്രനേതൃത്വം തള്ളിയതോടെ സംസ്ഥാന നേതൃത്വവും സര്‍ക്കാരും വീണ്ടും വെട്ടിലായി. എന്താണ് ശബരിമലയില്‍ സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും യഥാര്‍ഥ നിലപാടെന്ന് രാഷ്ട്രീയ എതിരാളികള്‍ക്ക് പുറമെ എന്‍എസ്എസും ചോദിക്കുന്ന സ്ഥിതിയായി.

ശബരിമലയിലേതു ലിംഗനീതിയുടെ പ്രശ്നമെന്ന മുന്‍നിലപാടില്‍നിന്നു മാറിയതായി സിപിഎം കേന്ദ്രനേതൃത്വം ഇതുവരെ പറഞ്ഞിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിന്‍റെ അഭ്യര്‍ഥന പ്രകാരം സീതാറാം യച്ചൂരിയും ബൃന്ദ കാരാട്ടുമൊക്കെ മൗനം പാലിക്കുകയാണെന്നു മാത്രം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനടക്കം സിപിഎം നേതാക്കള്‍ ഗൃഹസന്ദര്‍ശനം നടത്തി തെറ്റുതിരുത്തുമെന്ന് പറഞ്ഞത് തിരഞ്ഞെടുപ്പ് നേട്ടത്തിനുള്ള അടവായിരുന്നോയെന്നു ചോദിക്കാന്‍ എതിരാളികള്‍ക്കു വഴി തുറന്നിരിക്കുകയാണിപ്പോള്‍.

English Summary: Sabarimala issue is a difficult problem for CPM

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!