ആശുപത്രിക്കുനേരെയുള്ള ആക്രമണത്തിൽ 500 മരണം: ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധം; തങ്ങളല്ലെന്ന് നെതന്യാഹു

ഗാസ സിറ്റി: ഗാസയില്‍ ആശുപത്രിക്കുനേരെ ചൊവ്വാഴ്ച നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധം. ആക്രമണത്തില്‍ 500-ലേറെ പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇസ്രയേല്‍ സൈന്യവും അറിയിച്ചു.
ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കാനിരുന്ന ഉച്ചകോടി ജോര്‍ദാന്‍ റദ്ദാക്കി. ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫാത്താഹ് എല്‍-സിസിയും പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് മഹ്മൂദ് അബ്ബാസ് അറിയിച്ചു. ഇതോടെ ബൈഡന്റെ അമ്മാന്‍ ഉച്ചകോടി റദ്ദാക്കിയതായി വൈറ്റ്ഹൗസ് അറിയിച്ചു. ഇന്ന് ഇസ്രയേലിലെത്തുന്ന ബൈഡന്‍ ചര്‍ച്ചകളുടെ ഭാഗമായി ജോര്‍ദാനും സന്ദര്‍ശിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഗാസയിലെ അല്‍ അഹില്‍ അറബ് ആശുപത്രിക്കുനേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ അഭയാര്‍ഥികള്‍ താമസിക്കുന്ന യുഎന്‍ സ്‌കൂളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ആശുപത്രിക്ക് നേരെ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേല്‍. പ്രാകൃത ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നും ലോകം ഇതറിയണമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
‘ലോകം മുഴുവന്‍ അറിയണം, ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അല്ല ഗാസയിലെ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്. ക്രൂരന്മാരായ ഭീകരവാദികളാണ്. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊന്നവര്‍ സ്വന്തം മക്കളെയും കൊല്ലുന്നു’, നെതന്യാഹു എക്‌സില്‍ കുറിച്ചു.
ഇസ്ലാമിക് ജിഹാദികളുടെ ലക്ഷ്യം തെറ്റിയ റോക്കറ്റാണ് ആശുപത്രിക്ക് മേല്‍ പതിച്ചതെന്ന് തങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നുവെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തില്‍ ബൈഡനും അപലപിച്ചു. ‘ഗാസയിലെ അല്‍ അഹില്‍ അറബ് ആശുപത്രിയിലുണ്ടായ സ്ഫോടനത്തിലും അതിന്റെ ഫലമായി ഉണ്ടായ ഭയാനകരമായ ജീവഹാനിയിലും ഞാന്‍ രോഷാകുലനും ദുഃഖിതനുമാണ്. ഈ വാര്‍ത്ത കേട്ടയുടനെ ഞാന്‍ ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവുമായും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായും സംസാരിച്ചു. കൃത്യമായി എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരാന്‍ എന്റെ ദേശീയ സുരക്ഷാ ടീമിനോട് നിര്‍ദേശിക്കുകയും ചെയ്തു. സംഘര്‍ഷ സമയത്ത് സാധാരണ ജനങ്ങളുടെ സംരക്ഷണത്തിന് അമേരിക്ക അസന്ദിഗ്ധമായി നിലകൊള്ളും’, ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഒരിക്കലും അംഗീകരിക്കാനാകാത്ത ആക്രമണമാണ് ആശുപത്രിക്ക് നേരെയുണ്ടായതെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി മേധാവി വോല്‍ക്കര്‍ ടര്‍ക് പറഞ്ഞു. തനിക്ക് വാക്കുകള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തെ യുഎഇ അടക്കമുള്ള രാജ്യങ്ങളും അപലപിച്ചു.സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും സിവിലിയന്‍മാരെ ലക്ഷ്യമിടുന്നത് ശരിയല്ലെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

