KSDLIVENEWS

Real news for everyone

ജെസിബിയിടിച്ച് യുവാവ് മരിച്ചു: അന്വേഷണത്തിൽ വീഴ്ച, കസ്റ്റഡിയിലെടുത്ത JCB കടത്തി; എസ്ഐക്ക് സസ്പെൻഷൻ

SHARE THIS ON

മുക്കം: മണ്ണുമാന്തിയന്ത്രമിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ, അന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയ എസ്.ഐ.ക്ക് സസ്പെൻഷൻ. മുക്കം സ്റ്റേഷനിലെ എസ്.ഐ. ടി.ടി. നൗഷാദിനെയാണ് സസ്പെൻഡ് ചെയ്തത്. കോഴിക്കോട് റൂറൽ എസ്.പി.യുടെ റിപ്പോർട്ട് പ്രകാരം കണ്ണൂർ റേഞ്ച് ഡി.ഐ.ജി. തോംസൺ ജോസാണ് നൗഷാദിനെ സസ്പെൻഡ് ചെയ്തത്. കേസിന്റെ അന്വേഷണച്ചുമതല മുക്കം ഇൻസ്പെക്ടർ കെ. സുമിത്ത്കുമാറിന് കൈമാറിയിട്ടുമുണ്ട്. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ തോട്ടുമുക്കം പുതിയനിടത്ത് കഴിഞ്ഞ 19-നായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടുമുക്കം മാടാമ്പി സ്വദേശി കെ.പി. സുധീഷ് 20-ന് മരിച്ചു. അപകടം നടന്നപ്പോൾതന്നെ ജെ.സി.ബി.ക്ക് ഇൻഷുറൻസ് ഇല്ലാത്ത വിവരം പുറത്തായിരുന്നു. പരിക്കേറ്റ യുവാവ് മരിച്ചപ്പോൾ കേസെടുത്ത പോലീസ്, എഫ്.ഐ.ആറിൽ ജെ.സി.ബി. എന്നു മാത്രമാണ് എഴുതിയത്. വാഹനത്തിന്റെ നമ്പർ എഫ്.ഐ.ആറിൽ ചേർത്തിരുന്നില്ല. കേസെടുത്ത് ആഴ്ചകൾ കഴിഞ്ഞിട്ടും ജെ.സി.ബി.യുടെ നമ്പർ ഉൾപ്പെടെ കണ്ടെത്താൻ പോലീസ് ശ്രമിച്ചില്ലെന്ന് നേരത്തേതന്നെ ആരോപണമുയർന്നിരുന്നു. പുതുതായി നിർമിക്കുന്ന പോലീസ് സ്റ്റേഷൻ കെട്ടിടത്തിലേക്ക് നിർമാണവസ്തുക്കൾ കൊണ്ടുപോകാനായി താത്കാലികമായി നിർമിച്ച റോഡിൽ, സംസ്ഥാനപാതയോടുചേർന്നാണ് കസ്റ്റഡിയിലെടുത്ത ജെ.സി.ബി. നിർത്തിയിട്ടിരുന്നത്. സാധാരണരീതിയിൽ കസ്റ്റഡിയിലെടുക്കുന്ന വാഹനം പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് സമീപത്തേക്ക് കയറ്റിയിടുകയാണ് പതിവ്. ഇത്തരത്തിൽ വീഴ്ചവരുത്തിയതാണ് പ്രതികൾക്ക് പോലീസ് സ്റ്റേഷനിൽനിന്ന് ജെ.സി.ബി. കടത്താൻ സഹായകമായത്. ജെ.സി.ബി. കടത്തിയ സംഭവത്തിൽ പോലീസുകാർക്ക് പങ്കുണ്ടെന്നും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!