KSDLIVENEWS

Real news for everyone

ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒ.പി. സേവനങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക്; കോളേജില്‍ നോട്ടീസ് പതിച്ചു

SHARE THIS ON

കാസർകോട്: ഉക്കിനടുക്ക മെഡിക്കൽ കോളേജിലെ ഒ.പി. സേവനങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിലേക്കു മാറ്റുന്നു. മെഡിക്കൽ കോളേജിലെ ഒ.പി. സേവനങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്നുവെന്ന് പ്രിൻസിപ്പൽ കോളേജ് ചുമരിൽ ഇന്നലെ (നവം. 17) കന്നഡയിലും മലയാളത്തിലും നോട്ടീസ് പതിച്ചു.

മെഡിക്കൽ കോളേജിലെ ഒ.പി. സേവനങ്ങൾ മാറ്റില്ലെന്ന് കഴിഞ്ഞ ആഴ്‌ച മെഡിക്കൽ കോളേജിൽ ആദ്യ സന്ദർശനം നടത്തിയ ആരോഗ്യ മന്ത്രി നാട്ടുകാർക്കു ഉറപ്പു നൽകിയിരുന്നു. സേവനങ്ങൾ താൽക്കാലികമായാണു മാറ്റുന്നതെന്ന്
അധികൃതർ സൂചിപ്പിക്കുന്നുണ്ടെങ്കിലും മാറ്റം എത്രകാലത്തേക്കാണെന്നോ, എപ്പോൾ പുനരാരംഭിക്കുമെന്നോ
വ്യക്തമാക്കാത്തതിൽ രോഗികൾ ആശങ്കപ്പെടുന്നു.

മരുന്നുകളും വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ഒ.പി. സേവനങ്ങളും ലഭിച്ചിരുന്ന ഇവിടെ പ്രതിദിനം അഞ്ഞൂറോളം പേർ ചികിത്സ തേടുന്നുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

ഇടതുസർക്കാർ അക്കാദമിക് ബ്ലോക്കിൽ ആദ്യം കോവിഡ് ആശുപത്രിയും പിന്നീട് ഒ.പി. ആശുപത്രിയും ഏർപ്പെടുത്തുകയായിരുന്നു. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതോടെ മരുന്നുകളുടെ ലഭ്യത കുറഞ്ഞതായും ഒ.പി. സേവനങ്ങൾ മതിയാക്കുമെന്ന പ്രചാരണം ശക്തമായിരുന്നതായും രോഗികൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, എം.ബി.ബി.എസ്. രണ്ടാം ബാച്ച് ആരംഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനാണ് ഒ.പി. സേവനങ്ങൾ മാറ്റുന്നതെന്ന് അധികൃതർ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!