2,16,510 വ്യാജ വോട്ടർമാർ ; 51 മണ്ഡലങ്ങളിലെ വിവരങ്ങൾ കൂടി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കഴിഞ്ഞ ദിവസങ്ങളില്‍ 14 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കമ്മീഷന് കൈമാറിയിരുന്നു. 51 മണ്ഡലങ്ങളിലായി 1,63,071 വ്യാജവോട്ടര്‍മാരുടെ വിവരങ്ങളാണ് ഇന്ന് നല്‍കിയത്. ഇതോടെ ആകെ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വ്യാജവോട്ടര്‍മാരുടെ എണ്ണം 2,16,510 ആയി ഉയര്‍ന്നു.
അമ്പരപ്പിക്കുന്ന വിധത്തിലാണ് സംസ്ഥാനത്തുട നീളം വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ചിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓരോ മണ്ഡലത്തിലെയും യഥാര്‍ത്ഥ ജനവിധി അട്ടിമറിക്കുന്നതിന് പര്യാപ്തമാണ് ആ മണ്ഡലങ്ങളിലെ വ്യജവോട്ടര്‍മാരുടെ എണ്ണം. യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജ വോട്ടര്‍മാരെ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് നടക്കില്ല. ഇത്തരത്തില്‍ തങ്ങളുടെ പേരില്‍ വ്യാജവോട്ടര്‍മാരെ സൃഷ്ടിച്ചിട്ടുള്ള വിവരം പലപ്പോഴും യഥാര്‍ത്ഥ വോട്ടര്‍മാര്‍ അറിഞ്ഞിട്ടുണ്ടെന്നും വരില്ല. യഥാര്‍ത്ഥ വോട്ടറുടെ കയ്യില്‍ ഒരു തിരച്ചറിയല്‍ കാര്‍ഡു മാത്രമേ കാണുകയുള്ളൂ. വ്യാജമായി സൃഷ്ടിച്ച കാര്‍ഡുകള്‍ മറ്റു ചിലരുടെ പക്കലായിരിക്കും. ഇത് ഉപയോഗിച്ച് അവര്‍ക്ക് വോട്ടെടുപ്പ് ദിവസം കള്ളവോട്ട് ചെയ്യാനാവും.
സംസ്ഥാനത്തുടനീളം ഒരേ ശൈലിയിലാണ് ഈ വ്യാജവോട്ട് നിര്‍മ്മാണം നടന്നിരിക്കുന്നത്. സംസ്ഥാന തലത്തില്‍ ഗൂഢാലോചനയും സംഘടിതമായ പ്രവര്‍ത്തനവും നടന്നിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഗുരുതരമായ അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

