KSDLIVENEWS

Real news for everyone

ഇ.ഡി.ക്കെതിരേ എഫ്.ഐ.ആർ. :കേരളവും കേന്ദ്രവും നിയമയുദ്ധത്തിലേക്ക്

SHARE THIS ON

കൊച്ചി: പ്രതിരോധത്തിൽനിന്ന് ആക്രമണത്തിലേക്ക് സംസ്ഥാനസർക്കാർ ഗിയർമാറ്റിയതോടെ സ്വർണക്കടത്ത് അന്വേഷണത്തിൽ കേന്ദ്രവും കേരളവും നേരിട്ടുള്ള നിയമയുദ്ധത്തിലേക്ക്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ(ഇ.ഡി.) ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർചെയ്തതോടെ സമാനതകളില്ലാത്ത നിയമപോരാട്ടം ഉറപ്പായി. കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളായതിനാൽ സങ്കീർണ നിയമപ്രശ്നത്തിലേക്കാവും കാര്യങ്ങൾ പോവുക.

തിരഞ്ഞെടുപ്പുകാലത്ത് കേന്ദ്ര അന്വേഷണ ഏജൻസികളുമായി അധികം ‘അടുപ്പം’ വേണ്ടെന്ന തീരുമാനത്തിൽ സി.പി.എം. എത്തിയിരുന്നു.

എന്നാൽ, മുഖ്യമന്ത്രിയുടെ പേരുപറയാൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനുമേൽ ഇ.ഡി. സമ്മർദം ചെലുത്തിയെന്ന രണ്ട് വനിതാപോലീസുകാരുടെ മൊഴിയിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർചെയ്തതോടെ ചിത്രം മാറി. കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയംകളിക്കുന്നു എന്ന പ്രതിരോധത്തിൽനിന്ന് ‘കേസിനെ കേസുകൊണ്ട് നേരിടുക’ എന്ന ആക്രമണതന്ത്രത്തിലേക്കാണ് സംസ്ഥാന സർക്കാർ മാറിയത്.

ഇ.ഡി. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും ചോദ്യംചെയ്യാനും ക്രൈംബ്രാഞ്ച് തയ്യാറായേക്കും. ഈ കേസ് റദ്ദാക്കാൻ കേന്ദ്ര ഏജൻസികൾക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിവരും. കേസിലെ പ്രതിയായ സ്വപ്നയുടെ രേഖാമൂലമുള്ള പരാതിയുള്ളതായി ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയിട്ടില്ല. ഇനി ഉണ്ടായാലും സ്വപ്ന പ്രതിയായ കേസ് അന്വേഷിക്കുന്ന ഏജൻസിക്കെതിരേ ശാരീരികപീഡനത്തിനല്ലാതെ പരാതി നൽകിയാൽ നിലനിൽക്കില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്.

കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരേ സംസ്ഥാനത്ത ഏജൻസിക്ക് ഇത്തരത്തിൽ കേസെടുക്കാമോയെന്ന നിയമപ്രശ്നവും ഇതിലുടലെടുത്തിട്ടുണ്ട്. പ്രതിയുടെ സുരക്ഷയ്ക്ക് ഒപ്പമുണ്ടായിരുന്ന വനിതാപോലീസുകാർ അന്വേഷണ ഏജൻസിയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന നിലപാടിലാണ് ഇ.ഡി.

ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത ഉദ്യോഗസ്ഥനെതിരേയും ഇ.ഡി. നടപടിക്കൊരുങ്ങുകയാണ്. കേന്ദ്ര ഏജൻസിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സി.ബി.ഐ. ആണ് ഇതന്വേഷിക്കേണ്ടതെന്നുമാണ് ഇ.ഡി.യുടെ വിലയിരുത്തൽ.

അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയെന്ന് ഇ.ഡി.

സ്വപ്നയുടെ ശബ്ദരേഖ വിവാദത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നിൽ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയെന്ന നിലപാടിലാണ് ഇ.ഡി.. സ്വന്തം ഉദ്യോഗസ്ഥരെക്കൊണ്ട് സംസ്ഥാന സർക്കാർ കെട്ടിചമച്ച കേസാണിതെന്നും ഇ.ഡി. ആരോപിക്കുന്നു.

കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ തന്നെ സ്വപ്നയുടെ രഹസ്യമൊഴിയിൽ മുഖ്യമന്ത്രിയുടെ പേരുണ്ടെന്ന് വ്യക്തമായതാണ്. ഇ.ഡി.ക്കെതിരേ സ്വപ്നയുടെ മൊഴിയിലല്ല, സ്വന്തം പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയിലാണ് കേസെടുത്തത് എന്നുള്ളത് കെട്ടിചമച്ച കേസാണെന്നതിന് തെളിവാണെന്നും ഇ.ഡി. അധികൃതർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!