ഇഡിക്ക് പിണറായിയെ തൊടാനാവില്ല , തീയിൽ കുരുത്തത് വെയിലത്ത് വാടില്ല : മുഖ്യമന്ത്രിയെ പ്രശംസിച്ച് പിസി ചാക്കോ

പാലക്കാട്: കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് സര്‍ക്കാരിനെയും വാനോളം പ്രശംസിച്ചും പിസി ചാക്കോയുടെ പ്രസംഗം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിണറായി വിജയനെ തൊടാനാവില്ല. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. ജനങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ പിണറായിയെ കാത്തുസൂക്ഷിക്കും. കഴിഞ്ഞ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരാണ് ഇടതുമുന്നണിയുടേത്. അതല്ലെന്ന് തെളിയിക്കാന്‍ ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും വെല്ലുവിളിക്കുന്നുവെന്നും ചാക്കോ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസില്‍ ആഭ്യന്തര ജനാധിപത്യമില്ലെന്നും കൊള്ളമുതല്‍ പങ്കുവെക്കുന്നത് പോലെ സീറ്റ് വീതംവെക്കുകയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.പാലക്കാട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് കോങ്ങാട് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുന്‍പ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം മാനസികമായി യോജിക്കാനാവുന്ന സഖ്യമാണ്. മുന്നണിയില്‍ താന്‍ സംതൃപ്തനാണ്. 1980 മുതല്‍ കേരളത്തിലെ കോണ്‍ഗ്രസ് ഇടതുപക്ഷവുമായി സഹകരിച്ച് ബിജെപിക്കെതിരെ പ്രവര്‍ത്തിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. കേരളത്തിന്റെ മനസ് എപ്പോഴും വലതുപക്ഷത്തിനും ബിജെപിക്കും എതിരാണ്. അതുകൊണ്ട് കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്ന് ഒരു പുരോഗമന സഖ്യം ഉണ്ടാകണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നവെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നതല്ല കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രധാന കാര്യം. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ ആഭ്യന്തര ജനാധിപത്യം പൂര്‍ണമായി നശിച്ചുവെന്നതാണ് പ്രധാനം. ഇത് ജനാധിപത്യ രീതിയില്‍ തീരുമാനമെടുക്കുന്ന ഒരു പാര്‍ട്ടിയായത് കൊണ്ടാണ് കോണ്‍ഗ്രസുകാരായി തന്നെ പലരും ഇപ്പോഴും നില്‍ക്കുന്നത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് രണ്ടു വ്യക്തികള്‍ക്ക് വേണ്ടി പാര്‍ട്ടിയെ അടിയറവച്ചു. ആത്മാഭിമാനം ഉള്ളൊരാള്‍ക്ക് കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയാത്ത നിലയായി. കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നു. ഈ തെരഞ്ഞെടുപ്പില്‍ തോറ്റാലും പിടിച്ചുനില്‍ക്കാമെന്നോ തിരിച്ച് വരാമെന്നോ പറയാന്‍ കഴിയുന്ന ആന്തരിക ശേഷി കേരലത്തിലെ കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
നിസ്സഹായരായ നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ പിന്തള്ളപ്പെടുന്നു. ലതികാ സുഭാഷിനെ കോണ്‍ഗ്രസ് നേതൃത്വം അവഹേളിച്ചു. അതിനാരാണ് ഉമ്മന്‍ചാണ്ടിക്ക് അധികാരം നല്‍കിയത്? ബൂത്ത് തലം മുതല്‍ കെപിസിസി വരെ എല്ലാം ഗ്രൂപ്പ് തിരിച്ച് വീതം വെക്കുന്ന ഒരു പാര്‍ട്ടിക്ക് നിലനില്ക്കാന് എന്ത് അധികാരം? കോണ്‍ഗ്രസിന്റെ മഹാ തകര്‍ച്ചയുടെ ആരംഭമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
Post your Comment

