KSDLIVENEWS

Real news for everyone

ബാര്‍ജ് ദുരന്തം: 37 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 38 പേരെ കണ്ടെത്താനായില്ല

SHARE THIS ON

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് അറബിക്കടലിൽ മുങ്ങിപ്പോയ ബാർജിലെ 38 ഒഎൻജിസി തൊഴിലാളികളെ കണ്ടെത്താനായില്ല. ഇവർക്ക് വേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. പി-305 ബാർജിലെ 188 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. 37 മൃതദേഹങ്ങൾ കണ്ടെടുത്തു.
ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച തിങ്കളാഴ്ച മുംബൈയിൽനിന്ന് 35 നോട്ടിക്കൽ മൈൽ അകലെ കടലിൽ മുങ്ങിപ്പോയ ഭീമൻ ചങ്ങാടത്തിൽ എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന 261 പേരാണ് ഉണ്ടായിരുന്നത്. മൂന്നുദിവസം നീണ്ട കഠിനപ്രയത്നത്തിലാണ് നാവികസേനയും തീരരക്ഷാ സേനയും ചേർന്ന് 188 പേരെ രക്ഷപ്പെടുത്തിയത്. ഇവരെയും കണ്ടെടുത്ത മൃതദേഹങ്ങളും വഹിച്ചുകൊണ്ട് നാവികസേനയുടെ ഐ.എൻ.എസ്. കൊച്ചി എന്ന കപ്പൽ ബുധനാഴ്ച മുംബൈ തുറമുഖത്തെത്തി. മറ്റൊരു ബാർജായ ഗാൽ കൺസ്ട്രക്ടറിലെ 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു.
മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും എല്ലാ മൃതദേഹങ്ങളും ബാർജിലുള്ളവരുടേതു തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും നാവികസേനാ അധികൃതർ അറിയിച്ചു. മുംബൈയ്ക്കടുത്ത് നങ്കൂരമിട്ടുകിടന്ന മൂന്ന് ബാർജുകളും ഒരു റിഗ്ഗുമാണ് അപകടത്തിൽപ്പെട്ടത്.
മരണങ്ങൾ സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടായിട്ടും ബാർജ് പി-305 ഇവിടെ തുടർന്നത് സംബന്ധിച്ച് അന്വേഷണം മുംബൈ പോലീസ് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!