പിണറായി വിജയൻ സെക്രട്ടേറിയേറ്റിലെത്തി; ചുമതല ഏറ്റെടുത്തു

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്കു പിന്നാലെ സെക്രട്ടേറിയേറ്റിലെ ഓഫീസിലെത്തി പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു. രാജ്ഭവനിലെ ചായസത്കാരത്തിന് ശേഷമാണ് മുഖ്യമന്ത്രി സെക്രട്ടേറയറ്റിലെത്തി ചുമതല ഏറ്റെടുത്തത്. നോർത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141-ാം നമ്പർ മുറിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.
ഇന്നു വൈകുന്നേരം മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്.
രണ്ടാം പിണറായി സർക്കാരിലെ അംഗങ്ങൾ സത്യപ്രതിജ്ഞയ്ക്കു ശേഷം.
പ്രൊഫ. ആർ. ബിന്ദു, വീണാ ജോർജ്, ജെ. ചിഞ്ചുറാണി എന്നീ മൂന്ന് വനിതകൾ ഉൾപ്പെടെ 21 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. കേരളചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മുന്നണിക്ക് തുടർഭരണം ലഭിക്കുന്നത്. 99 സീറ്റുകൾ നേടിയാണ് ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയത്.
തുടർച്ചയായി രണ്ടാംതവണ അധികാരത്തിലെത്തിയ പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. അതേസമയം പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.

