ചിഹ്നപ്പരീക്ഷ ജയിച്ച് ജോസഫ്; പത്തിടത്തും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ഉറപ്പാക്കി

കോട്ടയം:പത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ വലിയപരീക്ഷ ജയിച്ച ആശ്വാസത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം. മത്സരിക്കുന്ന 10 സീറ്റിൽ ‘ട്രാക്ടർ ഒാടിക്കുന്ന കൃഷിക്കാരൻ’ കിട്ടുമെന്ന് ഉറപ്പായി. ചങ്ങനാശ്ശേരിയിൽ മറ്റൊരു സ്ഥാനാർഥി ഇതേചിഹ്നം ആവശ്യപ്പെട്ടെങ്കിലും അംഗീകൃത രാഷ്ട്രീയകക്ഷിയെന്ന നിലയിൽ ജോസഫ് വിഭാഗത്തിനാണ് മുൻഗണന.
സൂക്ഷ്മപരിശോധന ശനിയാഴ്ച നടക്കാനിരിക്കെ, പാർട്ടിനേതൃത്വം ചിഹ്നവിഷയത്തിൽ ആശങ്കയിലായിരുന്നു. ചങ്ങനാശ്ശേരിയിൽ സ്ഥാനാർഥി വി.ജെ. ലാലിയുടെ പത്രികയിൽ നോട്ടറി നമ്പറിന്റെ കുറവ് കണ്ടെത്തിയത് ആദ്യം ആശങ്കയുണ്ടാക്കിയെങ്കിലും പിന്നീട് സ്വീകരിച്ചു.
കേരള കോൺഗ്രസെന്ന ലേബലിലായിരിക്കും ഇനി ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥികൾ അറിയപ്പെടുക. പി.സി. തോമസിന്റെ അതേപേരിലുള്ള പാർട്ടിയിൽ ലയിച്ചതിനാലാണിത്. ഇവർക്ക് ദേശീയ തിരഞ്ഞെടുപ്പുകമ്മിഷൻ അംഗീകരിച്ച ചിഹ്നം ഇല്ലാത്തതുകൊണ്ടാണ് സ്ഥാനാർഥികൾക്ക് പൊതുചിഹ്നമെന്ന കടമ്പവന്നത്.
ആവശ്യപ്പെട്ട ചിഹ്നത്തെക്കുറിച്ച് വിവരം പുറത്തുപോയാൽ, വേറെ സ്ഥാനാർഥികൾ അതാവശ്യപ്പെട്ട് തർക്കത്തിന് സാധ്യതയുണ്ടാകുമെന്ന ഭയം നേതൃത്വത്തിനുണ്ടായിരുന്നു. ഇതുകൊണ്ടാണ്, വെള്ളിയാഴ്ച ഉച്ചവരെ സ്ഥാനാർഥികളുടെ പത്രിക തയ്യാറാക്കുന്നത് മാറ്റിയത്. സ്ഥാനാർഥികളെപ്പോലും ചിഹ്നം ഏതെന്ന് അറിയിച്ചത് ഉച്ചയ്ക്കാണ്.

