ഇ. ശ്രീധരൻ കാൽകഴുകിച്ച സംഭവം രാജ്യത്തിന് അപമാനം -ബിനോയ് വിശ്വം

മലപ്പുറം:പാലക്കാട്ടെ ബി.ജെ.പി. സ്ഥാനാർഥി ഇ. ശ്രീധരൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടറെക്കൊണ്ട് കാൽകഴുകിച്ച സംഭവം രാജ്യത്തിന് അപമാനമാണെന്ന് സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം എം.പി. രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരായ കാൽകഴുകിക്കൽ ഭാരതത്തിന്റെ സംസ്‌കാരമാണെന്നു പറഞ്ഞ് ന്യായീകരിക്കുന്ന ബി.ജെ.പി. നേതൃത്വവും ശ്രീധരനും കഴുകിയവെള്ളം ജനത്തെക്കൊണ്ട് കുടിപ്പിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിനെ പിറകോട്ടുനയിക്കുന്ന നികൃഷ്ടമായ ഇത്തരം രീതികൾ പൊറുപ്പിക്കാൻ കഴിയില്ല. ഇ. ശ്രീധരൻ ഇരുട്ടുപിടിച്ച ആർ.എസ്.എസ്. ആശയത്തിന്റെ വക്കീലായി അധഃപതിച്ചിരിക്കുകയാണ്. ദയനീയ പരാജയമായിരിക്കും പാലക്കാട്ട് ശ്രീധരന് സംഭവിക്കാൻ പോകുന്നത്. പുന്നപ്രയിലെ രക്തസാക്ഷിമണ്ഡപത്തെ അവഹേളിച്ച ബി.ജെ.പി. സ്ഥാനാർഥിയുടെ നടപടി അങ്ങേയറ്റം ധിക്കാരപരമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിമരിച്ച ധീരൻമാരായ രക്തസാക്ഷികളെ അപമാനിക്കുന്ന ആർ.എസ്.എസ്. അജൻഡയുടെ ഭാഗമാണ് കഴിഞ്ഞദിവസം പുന്നപ്രയിലുണ്ടായ സംഭവം. ഈ തിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യവിഷയമല്ല. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നശേഷം കൂടിയാലോചനകളിലൂടെയായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

