ഭൂമി തട്ടിപ്പു കേസ്: നടന് സുരേഷ് ഗോപിയുടെ സഹോദരന് തമിഴ്നാട്ടില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: കോടതി നടപടി മറച്ചു വെച്ച് ഭൂമി വിൽപന നടത്താൻ ശ്രമിച്ച കേസിൽ കോയമ്പത്തൂരിൽ മലയാളി അറസ്റ്റിലായി. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപിയെയാണ് തമിഴ്നാട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണ് ഇക്കാര്യം മറച്ചു വെച്ച് സുനിൽ ഗോപി വിൽപന നടത്താൻ ശ്രമിച്ചതെന്നാണ് കേസ്. ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ജിഎൻ മിൽസിലെ ഗിരിധരൻ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് സുനിലിനെ അറസ്റ്റ് ചെയ്തതെന്നാണ് മനോരമ റിപ്പോര്‍ട്ട്. സുനിൽ ഗോപി മുൻപ് നവക്കരയിൽ മറ്റൊരാളിൽ നിന്ന് ഭൂമി വാങ്ങിയിരുന്നു. എന്നാൽ 4.52 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷൻ അസാധുവാണെന്നു കോടതി അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇക്കാര്യം മറച്ചു വെച്ച് വിൽപനയുമായി മുന്നോട്ടു പോയ സുനിൽ ഗോപി ഗിരിധരൻ്റെ കൈയ്യിൽ നിന്ന് അഡ്വാൻസ് തുകയായി 97 ലക്ഷം രൂപ വാങ്ങുകയായിരുന്നു.
എന്നാൽ ഭൂമിയുടെ രേഖകള്‍ സുനിൽ ഗോപിയുടെ പേരിലല്ലെന്ന് പിന്നീട് ഇടപാടുകാരൻ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇടപാടിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച ഗിരിധരൻ അഡ്വാൻസ് തുക തിരിച്ചു ചോദിച്ചെങ്കിലും സുനിൽ ഗോപി നൽകാൻ തയ്യാറായില്ല. സുനിൽ ഗോപി അടക്കം മൂന്ന് പേരുടെ ബാങ്ക് അക്കൗണ്ടുകളിലായിരുന്നു ഈ തുക നിക്ഷേപിച്ചത്. ഇവര്‍ക്കെതിരെയും ജില്ലാ ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. സുനിൽ ഗോപിയെ റിമാൻഡ് ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍

