കോടതിവിധിക്കനുസരിച്ച് ഇസ്ലാമിക മതാനുഷ്ഠാനങ്ങൾ മാറ്റാൻ കഴിയില്ല’; ഹിജാബ് വിധിയിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് കാന്തപുരം

ഓരോരുത്തരുടെയും മതാനുഷ്ഠാന ആശയം അനുസരിച്ച് ജീവിക്കാനുള്ള ഭരണഘടനാനിയമം ഇല്ലാതായിപ്പോകുന്ന രീതിയിലേക്ക് കോടതിവിധികൾ ഉണ്ടാവരുത്
തളിപ്പറമ്പ്: കർണ്ണാടക ഹിജാബ് വിഷയത്തിൽ കേരള മുസ്ലിം ജമാഅത്ത് സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. അൽ മഖർ 33-ാം വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിഫോം നിർദ്ദേശിക്കുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് ഹിജാബ് വിഷയത്തിൽ വിധി പറഞ്ഞത്.
കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരെ വിദ്യാർത്ഥിനികൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ വിധി പുനഃപരിശോധിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യാ രാജ്യത്ത് ഏതു മതക്കാരനും ഏത് ആശയക്കാർക്കും അവരുടെ മതമനുസരിച്ച് ആശയപരമായി പ്രവർത്തിക്കാനും ജീവിക്കാനും ഇന്ത്യൻ ഭരണഘടന പൂർണസ്വാതന്ത്ര്യം നൽകുന്നുണ്ട്. ഓരോരുത്തരുടെയും മതാനുഷ്ഠാന ആശയം അനുസരിച്ച് ജീവിക്കാനുള്ള ഭരണഘടനാനിയമം ഇല്ലാതായിപ്പോകുന്ന രീതിയിലേക്ക് കോടതിവിധികൾ ഉണ്ടാവരുത്. കോടതിവിധികൾക്കനുസരിച്ച് ഇസ്ലാമിക മതാനുഷ്ഠാനങ്ങളും ജീവിതരീതികളും മാറ്റാൻ കഴിയില്ലെന്നും കാന്തപുരം നേരത്തെ വ്യക്തമാക്കിയിരുന്നു.

